കൊല്ലം: കരുനാഗപ്പള്ളിയിലെ ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 10 പ്രതികളെ കൊല്ലം ജില്ലാ ജയിലിൽ നിന്ന് മാറ്റി. പ്രതികൾക്ക് ജയിലിനകത്തും പുറത്തും ഭീഷണിയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
അതുലിനെ കൊലപ്പെടുത്തിയ കടത്തൂർ സംഘത്തിന് വയനകം ഗുണ്ടാസംഘത്തിൽ നിന്ന് ആക്രമണ ഭീഷണി നിലനിൽക്കുന്നതായി ഇന്റലിജൻസ് വിഭാഗവും മുന്നറിയിപ്പ് നൽകിയിരുന്നു. ഏറ്റുമുട്ടൽ സാധ്യത കണക്കിലെടുത്ത് കടത്തൂർ സംഘത്തിലെ പ്രതികളെ തിരുവനന്തപുരത്തെ വിവിധ ജയിലുകളിലേക്ക് മാറ്റി.
ഇതിനൊപ്പം ജിം സന്തോഷ് വധക്കേസിലെ പ്രതികളും കൊല്ലം ജില്ലാ ജയിലിലുണ്ടായിരുന്നു. വയനകം സംഘത്തിലെ തോട്ട രാജപ്പൻ എന്ന രാജീവ് അടക്കം ആറുപേരും ഇവിടെ റിമാൻഡിലായിരുന്നു. ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് അലുവ അതുൽ വധക്കേസിലെ പ്രതികളെ തിരുവനന്തപുരത്തേക്ക് മാറ്റിയത്.




