മയാമി: യുഎസിലെ മയാമി രാജ്യാന്തര വിമാനത്താവളത്തിൽ ആമസോണിന്റെ കാർഗോ വിമാനം അപകടത്തിൽപ്പെട്ട് അഞ്ച് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
സെപ്റ്റംബർ 6 ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം നടന്നത്. പ്യൂർട്ടോ റിക്കോയിലെ സാൻ ഹുവാനിൽ നിന്ന് മയാമിയിലേക്ക് എത്തിയ ബോയിങ് 767 കാർഗോ വിമാനം ലാൻഡിങ്ങിനിടെ നിയന്ത്രണം വിട്ട് റൺവേയിൽ നിന്ന് പുറത്തേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് സമീപത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളിൽ വിമാനം ഇടിച്ചുകയറുകയും തീപിടിക്കുകയുമായിരുന്നു. വിമാനത്തിന്റെ അപകടദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വിമാനം ഇടിച്ച വാഹനങ്ങളിൽ കുടുങ്ങിയവരെ എമർജൻസി ജീവനക്കാർ രക്ഷപ്പെടുത്തി. വാഹനങ്ങളിലുണ്ടായിരുന്നവരും പരുക്കേറ്റവരിൽ ഉൾപ്പെടുന്നതായി മയാമി-ഡേഡ് കൗണ്ടി അഗ്നിരക്ഷാ മേധാവി റേ ജദല്ല പറഞ്ഞു. അപകടത്തെക്കുറിച്ച് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ യഥാർഥ കാരണം അന്വേഷണത്തിലൂടെ കണ്ടെത്തുമെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ അഞ്ച് പേർ മരിച്ചതിൽ ദുഃഖമുണ്ടെന്നും മരിച്ചവരുടെ കുടുംബങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ആമസോൺ വക്താവ് കെല്ലി നന്റൽ അറിയിച്ചു.




