കൊല്ലം: രോഗിയെ കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച കേസിൽ രണ്ട് പേർപിടിയിൽ. ആദിച്ചനല്ലൂർ സ്വദേശി ഷഫീഖ്, തൃക്കോവിൽവട്ടം സ്വദേശി ഫൈസൽ എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതിയായ കൊട്ടിയം സ്വദേശി അൻവർ ഇപ്പോഴും ഒളിവിലാണ്.
ഒക്ടോബർ 28 നാണ് സംഭവം നടന്നത്. രോഗിയുമായി പോയ ആംബുലൻസ് കൊട്ടിയത്ത് പ്രദേശത്ത് എത്തിയപ്പോൾ, ബൈക്കിൽ എത്തിയ മൂന്ന് യുവാക്കൾ വാഹനം തടഞ്ഞ് ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു. ആംബുലൻസ് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് ആക്രമണം നടന്നത്.
ആക്രമണത്തിനിടെ വിപിന്റെ കയ്യിലുണ്ടായിരുന്ന വസ്തുക്കൾ കവർന്നതായും പൊലീസ് അറിയിച്ചു. പ്രതികൾ കൊല്ലത്ത് തന്നെ ഒളിവിൽ കഴിയുകയായിരുന്നുവെങ്കിലും സംസ്ഥാനം വിടാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തി. പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ പുറത്തിറക്കിയിരുന്നു.






