പാലക്കാട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ 62 കാരനാണ് രോഗം സ്ഥിരീകരിച്ചത്.
ഒക്ടോബര്‍ അഞ്ചിന് ചികിത്സ തേടി കൊടുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊടുവായൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കും എത്തിയിരുന്നു.
രോഗം ഭേതമാകാത്തതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആറാം തീയതി നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗ സൂചന ലഭിച്ചത്.
എട്ടാം തീയതി രോഗ സ്ഥിരീകരിച്ചതോടെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ രോഗി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്.
അതേസമയം രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനായി പ്രദേശത്തെ അഞ്ച് ജലസ്രോതസുകളിലെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ പരിശോധനയും തുടരുന്നു. പാലക്കാട് ജില്ലയില്‍ നേരത്തെ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
നെഗ്ലേറിയ ഫൗലേറി, അകാന്തമീബ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട ഏകകോശ ജീവികളായ അമീബകള്‍ തലച്ചോറിനെ ബാധിക്കുമ്പോളാണ് ഗുരുതരമായ അണുബാധയായ അമീബിക് മസ്തിഷ്‌ക ജ്വരം അഥവാ അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാകുന്നത്.
കാട്ടാന ആക്രമണം; രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ രണ്ടര വയസുകാരിക്കും വയോധികയ്ക്കും ദാരുണാന്ത്യം
കെട്ടിക്കിടക്കുന്നതോ മലിനമായതോ ആയ ചൂടുവെള്ളത്തില്‍ അമീബകള്‍ കാണപ്പെടുന്നു. ഈ വെള്ളം മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുമ്പോഴാണ് രോഗം പകരുന്നത്.
നീന്തല്‍, വെള്ളത്തില്‍ മുങ്ങിക്കുളിക്കല്‍, ഓസ് ഉപയോഗിച്ച് മൂക്കില്‍ വെള്ളം ചീറ്റിക്കല്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഇത് സംഭവിക്കാം. മൂക്കിലൂടെ പ്രവേശിക്കുന്ന അമീബ തലച്ചോറിലെത്തുകയും അവിടെ വീക്കം ഉണ്ടാക്കുകയും കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.






