വിജയവാഡ: ആന്ധ്രാപ്രദേശിലെ എൻടിആർ ജില്ലയിൽ യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കനാലിൽ തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മംഗളഗിരി സ്വദേശിനിയായ കല്യാണി (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാമുകനും ഇറച്ചിക്കച്ചവടക്കാരനുമായ മുഹമ്മദ് ഷാഫി (35)യെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭർത്താവിൽ നിന്നും കുടുംബത്തിൽ നിന്നും അകന്ന് താമസിച്ചിരുന്ന കല്യാണി പിന്നീട് മുഹമ്മദ് ഷാഫിയുമായി അടുപ്പത്തിലായിരുന്നു. ഷാഫിയുടെ സംരക്ഷണത്തിലായിരുന്നു ഇവർ താമസിച്ചിരുന്നത്. കല്യാണിയുടെ കുട്ടിയെക്കുറിച്ചും പണത്തെക്കുറിച്ചുമുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
സെപ്റ്റംബർ 17ന് ഭവാനിപുരത്തെ വീട്ടിലേക്ക് കല്യാണിയെ ഷാഫി വിളിച്ചുവരുത്തി. ഇവിടെ വച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ഷാഫി കത്തികൊണ്ട് കല്യാണിയെ ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്.
മൃതശരീരം തിരിച്ചറിയാതിരിക്കാനും എളുപ്പത്തിൽ മാറ്റാനും തലയും കാലുകളും ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ കത്തികൊണ്ട് മുറിച്ച് ചാക്കിലാക്കി കനാലിൽ തള്ളിയതായും പൊലീസ് പറയുന്നു.
സെപ്റ്റംബർ 18ന് വിജയവാഡയിലെ തെർമൽ പവർ സ്റ്റേഷന്റെ കനാലിൽ നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇബ്രാഹിംപട്ടണം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് കല്യാണിയാണെന്ന് തിരിച്ചറിഞ്ഞത്.
ഡ്രോണുകളുടെയും എൻഡിആർഎഫ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ നടത്തിയ തിരച്ചിലിൽ തലയും കാലുകളും ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ കണ്ടെത്തി. ഒരു കൈ ഇതുവരെ കണ്ടെത്താനായിട്ടില്ല. പുറത്തുവിട്ട ചിത്രങ്ങളും ശരീരത്തിലെ ടാറ്റൂവും മറ്റ് അടയാളങ്ങളും പരിശോധിച്ചാണ് കല്യാണിയുടെ സഹോദരൻ മൃതദേഹം തിരിച്ചറിഞ്ഞത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ഷാഫിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന കത്തിയും കണ്ടെത്തിയിട്ടുണ്ട്. കല്യാണിയുടെ ഫോൺ കോൾ വിവരങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.
ഷാഫി ഉൾപ്പെടെ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും സംഭവത്തിന്റെ മറ്റ് സാഹചര്യങ്ങളും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.




