ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിൽ 21 ദിവസം പ്രായമുള്ള നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. ഇടുക്കി ഭൂമിയാങ്കുളം സ്വദേശി സോബിൻ സണ്ണിയുടെ കുഞ്ഞിനാണ് ആശുപത്രി ഫാർമസിയിൽ നിന്ന് കാലാവധി കഴിഞ്ഞ ഓയിന്റ്‌മെന്റ് നൽകിയതെന്നാണ് പരാതി. ജലദോഷവും കഴുത്തിലെ അലർജിയുമായാണ് കുഞ്ഞിനെ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലെത്തിച്ചത്.
കുഞ്ഞിനെ പരിശോധിച്ച ഡോക്ടർ വലിയ പ്രശ്‌നമില്ലെന്നും ഓയിന്റ്‌മെന്റ് പുരട്ടിയാൽ മതിയെന്നും നിർദേശിച്ചു. കുറിപ്പടിയുമായി ഫാർമസിയിലെത്തിയപ്പോഴാണ് മരുന്ന് നൽകിയത്. വീട്ടിലെത്തിയ ശേഷം മരുന്നിന്റെ കാലാവധി പരിശോധിച്ചപ്പോഴാണ് മൂന്ന് മാസം മുമ്പ് കാലാവധി കഴിഞ്ഞതാണെന്ന് കുടുംബം കണ്ടെത്തിയത്. കുഞ്ഞിന് മരുന്ന് നൽകുന്നതിന് മുമ്പ് കാലാവധി പരിശോധിച്ചതിനാൽ അപകടം ഒഴിവായെന്നും കുടുംബം പറയുന്നു.
2024 ജൂണിൽ നിർമ്മിച്ച് രണ്ട് വർഷം കാലാവധിയുണ്ടായിരുന്ന ഓയിന്റ്‌മെന്റാണ് നൽകിയതെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്. പരാതിയെ തുടർന്ന് സൂപ്രണ്ട് ഫാർമസി ജീവനക്കാരോട് റിപ്പോർട്ട് തേടി.
അതേസമയം, മരുന്ന് ഫാർമസിയിൽ സ്റ്റോക്കില്ലെന്നാണ് ജീവനക്കാരുടെ വിശദീകരണം. എന്നാൽ ഫാർമസിയിൽ നിന്ന് നൽകിയതായി പറയുന്ന മരുന്നിന്റെ പേര് കുറിപ്പടിയിൽ രേഖപ്പെടുത്തി ടിക്ക് മാർക്ക് ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാർ ആശുപത്രികൾക്ക് നേരിട്ട് വിതരണം ചെയ്യുന്ന ഓയിന്റ്‌മെന്റാണ് കുഞ്ഞിന് നൽകിയതെന്നും കുടുംബം പറയുന്നു.
കാലാവധി കഴിഞ്ഞ മരുന്ന് മെഡിക്കൽ കോളേജ് ഫാർമസിയിൽ എങ്ങനെ എത്തിയെന്നും, ഫാർമസിയിൽ സ്റ്റോക്കില്ലെന്ന് പറയുന്ന മരുന്ന് എങ്ങനെ വിതരണം ചെയ്തുവെന്നുമാണ് സംഭവത്തിൽ ഉയരുന്ന പ്രധാന ചോദ്യങ്ങൾ.




