വയനാട്: 1988ൽ നല്ലൂർനാട് സർവീസ് സഹകരണ ബാങ്കിൽ കവർച്ച നടത്തിയ കേസിൽ 76കാരന് 13 വർഷം തടവും 16,000 രൂപ പിഴയും. കൊല്ലം പള്ളിമുക്ക് സ്വദേശി അബ്ദുൽ സമദിനെയാണ് കൽപ്പറ്റ അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ 10 മാസം കൂടി തടവ് അനുഭവിക്കണം. 1988 ജനുവരി എട്ടിന് പുലർച്ചെയാണ് കേസിനാസ്പദമായ കവർച്ച നടന്നത്. ആറ് പേരടങ്ങുന്ന സംഘം അംബാസഡർ കാറിലെത്തി ബാങ്കിന്റെ വാതിലുകളുടെ പൂട്ടുകൾ തകർത്ത് അകത്ത് കടക്കുകയായിരുന്നു.
ബാങ്കിലെ സേഫും ഏകദേശം ഒരു കിലോ സ്വർണാഭരണങ്ങളും 5,544 രൂപയും സംഘം കവർന്നെന്നാണ് കേസ്. കവർച്ചയ്ക്കിടെ ശബ്ദം കേട്ട് സ്ഥലത്തെത്തിയ രണ്ട് പേരെ സംഘം കട്ടപ്പാര ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തിരുന്നു.
കേസിലെ പ്രതികളായ സുബൈർ, സുരേഷ് ബാബു, ആലിക്കുട്ടി, നസീർ എന്നിവരെ നേരത്തെ പിടികൂടി 1993ൽ ശിക്ഷിച്ചിരുന്നു. ഒളിവിലായിരുന്ന ഒ.കെ. ബാബു 2017ൽ കോടതിയിൽ കീഴടങ്ങുകയും പിന്നീട് ശിക്ഷിക്കപ്പെടുകയും ചെയ്തു.
അബ്ദുൽ സമദിനെ 2024 ഒക്ടോബറിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് ഇയാൾ വിചാരണ നേരിട്ടത്. കേസിൽ 40ഓളം സാക്ഷികളെ വിസ്തരിക്കുകയും 166 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു. 21 വസ്തുക്കളും പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കിയിരുന്നു.
അന്നത്തെ മാനന്തവാടി സി.ഐ വിശ്വനാഥ കുറുപ്പാണ് കേസിന്റെ ആദ്യ അന്വേഷണം നടത്തിയത്. പിന്നീട് ജില്ലാ സി.ബി.സി.ഐ.ഡി ഡിറ്റക്ടീവ് ഇൻസ്പെക്ടർ കെ.ജി. ജെയിംസ് അന്വേഷണം ഏറ്റെടുത്തു. ഡി.ഐ വിജയശങ്കറാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഇ.ആർ. സന്തോഷ് കുമാർ ഹാജരായി.




