ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴയിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർത്താവും ഭർതൃവീട്ടുകാരും ആക്രമിച്ചെന്ന് പരാതി. ആലപ്പുഴ സ്വദേശിനിയായ രഹ്ന നൽകിയ പരാതിയിൽ ഭർത്താവ് നിധിനും കുടുംബാംഗങ്ങൾക്കുമെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു. വഴക്കിനിടെ രഹ്നയെ ഭർത്താവ് നിലത്തിട്ട് വലിച്ചിഴയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളുമായാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
കേസെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയോ അന്വേഷണം ആരംഭിക്കുകയോ ചെയ്തില്ലെന്നാണ് രഹ്നയുടെ ആരോപണം. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ഇടപെട്ടതിന് ശേഷമാണ് പൊലീസ് അന്വേഷണം ആരംഭിച്ചതെന്നും രഹ്ന പറഞ്ഞു.
എന്നാൽ സ്ത്രീധന പീഡന കേസുകളിൽ പാലിക്കേണ്ട പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുണ്ടായ സ്വാഭാവിക കാലതാമസം മാത്രമാണ് ഉണ്ടായതെന്നാണ് തൃക്കുന്നപ്പുഴ പൊലീസിന്റെ വിശദീകരണം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.




