തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ ആക്രമണം. ബേക്കറി ജംഗ്ഷനിലെ തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ പ്രധാന വാതിലിന്റെ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്ത നിലയിലാണ്. രാത്രിയിലോ പുലർച്ചെയോ ആണ് ആക്രമണം നടന്നതെന്നാണ് സംശയം.
ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. അമിത് ഷായ്ക്കെതിരെ കരിങ്കൊടി കാണിച്ചതിന് പിന്നാലെ ബിജെപി-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ പ്രതിഷേധങ്ങളും തർക്കങ്ങളും ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബിജെപി, യുവമോർച്ച പ്രവർത്തകർ ആക്രമണം നടത്തിയതെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.
സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു. മന്ത്രിമാരടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ സ്ഥലത്തെത്തുമെന്നാണ് വിവരം. ഒരു പ്രകോപനവുമില്ലാതെ ബിജെപി കോൺഗ്രസിന് നേരെ ആക്രമണം നടത്തുകയാണെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ ആരോപിച്ചു. ഇന്നലെ രാത്രി നടന്ന ആക്രമണം ഇന്ന് രാവിലെയാണ് അറിഞ്ഞതെന്നും നെയ്യാറ്റിൻകരയിലെ പ്രതിഷേധത്തിന് പിന്നാലെ ബിജെപി പ്രവർത്തകർ കോൺഗ്രസുകാരെ ഭീഷണിപ്പെടുത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ നിയമപരമായി മുന്നോട്ട് പോകുമെന്നും ബിജെപി-കോൺഗ്രസ് പ്രവർത്തകർ സംയമനം പാലിക്കണമെന്നും ശക്തൻ ആവശ്യപ്പെട്ടു.
അതേസമയം, നെയ്യാറ്റിൻകര പാലിയോട് ജംഗ്ഷനിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനും ഇന്ന് പുലർച്ചെ തീ വെച്ചിരുന്നു. ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിന്റെ പഴയ ഓട് കെട്ടിടവും ഫ്‌ളക്‌സ് ബോർഡുകളും കത്തിനശിച്ചു. ഓഫീസിന് പിന്നിലൂടെ എത്തിയ സംഘം ഫ്‌ളക്‌സ് ബോർഡിൽ ദ്രാവകം ഒഴിച്ചശേഷം തീ കൊളുത്തിയെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നാട്ടുകാർ ഇടപെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും മുഖ്യമന്ത്രി വി.ഡി. സതീശന്റെയും ചിത്രങ്ങളുള്ള ഫ്‌ളക്‌സ് ബോർഡുകൾ പൂർണമായും കത്തി നശിച്ചു. കഴിഞ്ഞ ദിവസം പ്രദേശത്ത് ബിജെപി-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ മാരായമുട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.




