പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും കഞ്ചാവ് വേട്ട. ഇന്ന് രാവിലെ 11 മണിയോടുകൂടി ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ എഗ്മോർ മംഗലാപുരം എക്സ്പ്രസിൽ ആണ് കഞ്ചാവ് കണ്ടെത്തിയത്. റെയിൽവേ പോലീസിന്റെ പരിശോധന കണ്ട് ഭയന്ന് പ്രതികൾ കഞ്ചാവ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
എഗ്മോർ എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിലായി സൂക്ഷിച്ച 17.1 കിലോ കഞ്ചാവ് റെയിൽവേ പോലീസ് കണ്ടെത്തിയത്. ബാഗിൽ രണ്ടു കവറുകളിലായിട്ടായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 2026 ൽ രണ്ടാം തവണയാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കഞ്ചാവ് പിടികൂടുന്നത്. ഒരാഴ്ചയ്ക്ക് മുമ്പ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിനിൽ നടത്തിയ പരിശോധനയിൽ 12 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. വരും ദിവസങ്ങളിലും ട്രെയിൻ മാർഗ്ഗമുള്ള കഞ്ചാവ് കടത്ത് തടയുന്നതിന് വേണ്ടിയുള്ള പരിശോധനകൾ വ്യാപിപ്പിക്കുമെന്ന് റെയിൽവേ എസ്ഐ അനിൽ മാത്യു പറഞ്ഞു.




