ബെംഗളൂരു: ഐപിഎൽ മത്സരങ്ങളുടെ ടിക്കറ്റുകൾ അനധികൃതമായി ഉയർന്ന വിലയ്ക്ക് വിറ്റ സംഭവത്തിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് നടപടി ശക്തമാക്കി. തുടർന്ന് ചിന്നസ്വാമി സ്റ്റേഡിയം കാന്റീനിൽ ജോലി ചെയ്തിരുന്ന ചന്ദ്രശേഖരനെ പൊലീസ് അറസ്റ്റ് ചെയ്തതു.
സ്റ്റേഡിയത്തിനകത്തെ ശ്രീ ലക്ഷ്മി കാന്റീനിലെ ജീവനക്കാരനായ ഇയാൾ കോർപ്പറേറ്റ് സ്ഥാപനങ്ങളും കെഎസ്സിഎ അംഗങ്ങളും ഉൾപ്പെട്ട വലിയ ബ്ലാക്ക് മാർക്കറ്റ് ശൃംഖലയുമായി ബന്ധമുള്ളതായി അന്വേഷണത്തിൽ വ്യക്തമായി.
ഏപ്രിൽ 15ന് നടന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരു – ലഖ്‌നൗ സൂപ്പർ ജയന്റ്സ് മത്സരത്തിന്റെ ടിക്കറ്റുകൾ വിൽക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. 15,000 മുതൽ 19,000 രൂപ വരെ ഈടാക്കി ടിക്കറ്റുകൾ വിറ്റതായി കണ്ടെത്തി. ഇയാളിൽ നിന്ന് 180ലധികം ടിക്കറ്റുകളും പിടിച്ചെടുത്തു.
‘ടിക്കറ്റ് ജീനി’ എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് സ്വസ്തിക് ഹെവി എഞ്ചിനീയറിംഗ്, ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ കൺസൾട്ടന്റ് കമ്പനി, ധരണി കമ്പ്യൂട്ടേഴ്സ് എന്നീ സ്ഥാപനങ്ങളുടെ പേരിലാണ് ടിക്കറ്റുകൾ ബുക്ക് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
മാർച്ച് 28ന് നടന്ന ആർസിബി-സിഎസ്‌കെ മത്സരത്തിലും സമാന രീതിയിൽ ടിക്കറ്റുകൾ വിറ്റതായി കണ്ടെത്തി. അന്ന് 6.60 ലക്ഷം രൂപ വിലവരുന്ന 81 ടിക്കറ്റുകളാണ് വിറ്റത്. ആകെ 17.52 ലക്ഷം രൂപയുടെ ടിക്കറ്റുകൾ സംഘം അനധികൃതമായി വിറ്റഴിച്ചതായി പൊലീസ് അറിയിച്ചു.




