കൊച്ചി: പാലാരിവട്ടം എസ്എച്ച്ഒയ്‌ക്കെതിരെ കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസ്സന്‍. ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ച് കോടതിയലക്ഷ്യ നടപടിയാവശ്യപ്പെട്ടാണ് അന്‍സിബ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. എന്നാല്‍, സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം കേസില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് അന്‍സിബയുടെ ആരോപണം.
അശ്ലീല പരാമര്‍ശങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ആരോപിച്ചാണ് അന്‍സിബ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുക്കാതിരുന്നതിനെ തുടര്‍ന്ന് അന്‍സിബ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു.
തുടര്‍ന്ന് അന്‍സിബ ഹൈക്കോടതിയെ സമീപിച്ചു. പരാതി വീണ്ടും പരിശോധിക്കാന്‍ ഹൈക്കോടതി കീഴ്‌ക്കോടതിക്ക് നിര്‍ദേശം നല്‍കി. അന്‍സിബയുടെ പരാതി ഗൗരവമുള്ളതാണെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചതായാണ് ഹര്‍ജിയിലെ വാദം.
ഹൈക്കോടതി നിര്‍ദേശിച്ചിട്ടും സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നാണ് അന്‍സിബ ഇപ്പോള്‍ ആരോപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലാരിവട്ടം എസ്എച്ച്ഒയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.




