കേരളത്തിലെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നതോടെ പൊതുജനാരോഗ്യ മേഖലയിലെ ഭരണപരമായ വീഴ്ചകൾ വീണ്ടും ചർച്ചയാകുകയാണ്. സാധാരണക്കാരന്റെ ആശ്രയമായ സർക്കാർ ആശുപത്രികളിൽ പാരസെറ്റമോൾ പോലുള്ള അടിസ്ഥാന മരുന്നുകൾ മുതൽ ആന്റിബയോട്ടിക്കുകൾ വരെ ലഭ്യമല്ലെന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ, ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങളാണ് ഉയരുന്നത്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ടെൻഡർ നടപടികളിലെ കാലതാമസവും ഭരണപരമായ പ്രശ്നങ്ങളും മരുന്ന് വിതരണത്തെ ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്.
ചില ആശുപത്രികളിൽ ആവശ്യമായ മരുന്നുകൾ ലഭ്യമാക്കാൻ പ്രാദേശികമായി വാങ്ങൽ നടത്തേണ്ട സാഹചര്യമുണ്ടായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻ സർക്കാരിന്റെ കാലത്തെ സാമ്പത്തിക ബാധ്യതകളും വാങ്ങൽ നടപടികളിലെ വീഴ്ചകളുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് മന്ത്രി കെ. മുരളീധരന്റെ വിശദീകരണം. മുൻ സർക്കാർ ആരോഗ്യവകുപ്പിൽ 2,575 കോടി രൂപയുടെ ബാധ്യത ബാക്കിവെച്ചുവെന്നും മന്ത്രി ആരോപിച്ചിട്ടുണ്ട്. എന്നാൽ മുൻ സർക്കാരിനെ കുറ്റപ്പെടുത്തുന്നതിലൂടെ മാത്രം ഇപ്പോഴത്തെ ഭരണകൂടത്തിന്റെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. ആരോഗ്യരംഗത്തെ ഭരണപരമായ വീഴ്ചകളുടെ വില നൽകേണ്ടിവരുന്നത് ചികിത്സയ്ക്കായി സർക്കാർ സംവിധാനത്തെ ആശ്രയിക്കുന്ന സാധാരണക്കാരനായ മനുഷ്യരാണ്.
ഭരണത്തിലേറുമ്പോൾ പൊതുജനാരോഗ്യ മേഖലയിൽ മാറ്റങ്ങൾ വാഗ്ദാനം ചെയ്ത വി.ഡി. സതീശൻ സർക്കാരിന് മുന്നിൽ ഇന്ന് ഏറ്റവും വലിയ വെല്ലുവിളി സർക്കാർ ആശുപത്രികളിലെ മരുന്ന് ലഭ്യത ഉറപ്പാക്കുക എന്നതാണ്. മരുന്ന് ക്ഷാമം ഒക്ടോബർ 15-ഓടെ പരിഹരിക്കുമെന്നാണ് ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ ഉറപ്പ്. അതുവരെ കാത്തിരിക്കാനാകാത്ത മരുന്നുകൾ റെഡി പർച്ചേസ് വഴി വാങ്ങുമെന്നും ടെൻഡർ നടപടികളിൽ ഇടനിലക്കാരെ ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മരുന്ന് ക്ഷാമമില്ലെന്ന മന്ത്രിയുടെ മുൻകാല വിശദീകരണങ്ങളും പിന്നീട് ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടികൾ പ്രഖ്യാപിച്ചതും തമ്മിലുള്ള വൈരുധ്യവും ചർച്ച ചെയ്യപ്പെടേണ്ടതാണ്. ആശുപത്രികളിൽ മരുന്ന് വാങ്ങാൻ അടിയന്തര നിർദേശങ്ങൾ നൽകേണ്ട സാഹചര്യം തന്നെ വിതരണ സംവിധാനത്തിലെ പ്രശ്നങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നുണ്ട്.
സ്വകാര്യമേഖലയ്ക്ക് മുൻതൂക്കമുള്ള പൊതുജനാരോഗ്യസംവിധാനമാണ് പതിറ്റാണ്ടുകളായി കേരളത്തിലേത്. 70 ശതമാനത്തോളംപേരും കിടത്തിച്ചികിത്സയ്ക്ക് ആശ്രയിക്കുന്നതും സ്വകാര്യ ആശുപത്രികളെ തന്നെയാണ്. ആറുവർഷത്തിനിടെ കേരളത്തിലെ ചികിത്സാച്ചെലവ് 116 ശതമാനത്തോളമാണ് വർധിച്ചത്. മറ്റേതു സംസ്ഥാനത്തെക്കാളും ഉയർന്ന ചികിത്സാച്ചെലവും ആശുപത്രികളെ ആശ്രയിക്കുന്നതിന്റെ നിരക്കും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ആ സാഹചര്യത്തിലാണ് സാധാരണക്കാരന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് കുതിച്ചുയരുന്ന ചികിത്സാച്ചെലവ് ഒരുവശത്തും, അഭയകേന്ദ്രങ്ങളാകേണ്ട സർക്കാർവക ആതുരാലയങ്ങൾ പരിമിതികളാൽ വീർപ്പുമുട്ടുന്നുവെന്ന യാഥാർഥ്യം മറുവശത്തും.
സർക്കാർ ആശുപത്രികളിൽ സൗകര്യങ്ങൾ കുറയുമ്പോൾ ജനങ്ങൾ സ്വാകാര്യ ആശുപത്രികളെ കൂടുതലായി ആശ്രയിക്കാനായി തുടങ്ങും. അതുകൊണ്ടുതന്നെ അമിത അമിതലാഭേച്ഛയില്ലാതെ പ്രവർത്തിച്ചിരുന്ന സ്വകാര്യ ആശുപത്രി ശൃംഖലകളുടെ മട്ടും ഭാവവും ഇപ്പോൾ മൊത്തത്തിൽ മാറിയിരിക്കുകയാണ്. നമ്മുടെ ആരോഗ്യരംഗത്തേക്ക് ഒഴുകി കൊണ്ടിരിക്കുന്ന വൻ നിക്ഷേപങ്ങളും ഇൻഷുറൻസ് കമ്പനികളുടെ പകൽക്കൊള്ളയും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതായി വരും. ആരോഗ്യച്ചെലവ് കുതിച്ചുയരുമ്പോൾ അതു താങ്ങാനാകാതെ ജീവനൊടുക്കുന്ന സാധാരണക്കാരും കേരളത്തിലേറെയാണ്. ആ വാർത്തകളെങ്കിലും സർക്കാരിന്റെയും അധികാരികളുടേയും കണ്ണ് തുറപ്പിക്കേണ്ടിയിരിക്കുന്നു.
ഉത്തരവാദിത്വം നിറവേറ്റാത്ത ഭരണാധികാരികളാണ് സാധാരണപെട്ട ജനങ്ങളുടെ ഇത്തരം അവസ്ഥകൾക്ക് കാരണം. സാധാരണക്കാർക്ക് കുറഞ്ഞചെലവിൽ ചികിത്സയൊരുക്കേണ്ട സർക്കാർ ആശുപത്രികൾ പതിറ്റാണ്ടുകൾ പിന്നിലാണിപ്പോഴും. ആധുനിക സൗകര്യങ്ങളോ മരുന്നുകളോ ചികിത്സകളോ ഇല്ലാതെ വലയുകയാണ് ജനങ്ങൾ. ചികിത്സ പിഴവ് ഉണ്ടാക്കുന്നതിലും മരുന്ന് മാറി നൽകുന്നതിലും ഒന്നാമതാണ് കേരളത്തിലെ സർക്കാർ ആശുപത്രികൾ. പലരും കേരളത്തിന്റെ ആരോഗ്യമേഖലകളിൽ കണ്ണ് വെക്കുമ്പോൾ സർക്കാർ പിൻവാങ്ങലിന്റെ പാതയിലാണ്. 2025-’26 സാന്പത്തികവർഷത്തിൽ ആരോഗ്യമേഖലയ്ക്കായി ചെലവിട്ട തുക മൊത്തംചെലവിന്റെ ഏഴുശതമാനമായി ചുരുങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
ഇത് പത്തുവർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. ചികിത്സയെന്നത് ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നുമുള്ള കാഴ്ചപ്പാടിലേക്ക് സർക്കാർ മാറേണ്ടിയിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തിൽ ആരോഗ്യരംഗത്ത് വൻനിക്ഷേപങ്ങൾ നടത്താൻ സർക്കാരിന് പരിമിതികളുണ്ടെന്നത് വസ്തുതയാണ്. പക്ഷേ, സ്വകാര്യമേഖലയെ കൃത്യമായി പ്രയോജനപ്പെടുത്തുന്ന ആരോഗ്യനയം രൂപപ്പെടുത്താൻ സർക്കാരിനു കഴിയണം. ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണമാണ് ഇതിൽ പ്രധാനം. സർക്കാർഫണ്ട് ഉപയോഗിക്കാതെത്തന്നെ മെഡിക്കൽകോളേജുൾപ്പെടെയുള്ള പൊതുജനാരോഗ്യസംവിധാനങ്ങൾ ശക്തിപ്പെടുത്തണം. കേരളത്തിലെ ഉയർന്ന രോഗാതുരത മറികടക്കാൻ ദീർഘവീക്ഷണത്തോടെയുള്ള നയങ്ങൾ രൂപപ്പെടുത്തണം. രോഗംവന്നശേഷം ചികിത്സയെന്ന മനോഭാവം തിരുത്തേണ്ട കാലം കഴിഞ്ഞു. രോഗംവരാതെ പ്രതിരോധിക്കലാണ് മികച്ച മാർഗം. മികച്ച ചികിത്സ നൽകണം ആരോഗ്യ രംഗം മെച്ചപ്പെടണം. സാധാരണക്കാരായുള്ള ജനങ്ങൾക്ക് പേടികൂടാതെ സർക്കാർ ആശുപത്രികളെ സമീപിക്കാൻ കഴിയണം.




