ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഭർത്താവും ഭർതൃവീട്ടുകാരും ആക്രമിച്ചെന്ന പരാതിയിൽ മൂന്ന് പേർ അറസ്റ്റിൽ. ആലപ്പുഴ സ്വദേശിനിയായ രഹ്നയെ ആക്രമിച്ചെന്ന കേസിൽ ഭർത്താവ് നിധിൻ, നിധിന്റെ അമ്മ റീന, അച്ഛൻ മോഹനൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 23നാണ് രഹ്നയ്ക്ക് ഭർതൃവീട്ടിൽവച്ച് ആക്രമണം നേരിടേണ്ടി വന്നത്. ഭർത്താവും അമ്മയും ചേർന്ന് രഹ്നയെ വലിച്ചിഴയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് നടപടി വൈകിയെന്നാണ് രഹ്നയുടെ ആരോപണം. ആറ് വർഷം മുമ്പാണ് രഹ്നയും നിധിനും വിവാഹിതരായത്.
സ്ത്രീധനം വേണ്ടെന്ന് പറഞ്ഞാണ് വിവാഹം നടന്നതെങ്കിലും പിന്നീട് നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നാണ് രഹ്നയുടെ പരാതി.സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ ആലപ്പുഴ എസ്പി വിഷ്ണു പ്രദീപ് നിർദേശം നൽകി. എസ്പി നേരിട്ട് രഹ്നയുടെ പരാതി കേട്ടതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം വേഗത്തിലാക്കിയത്.
അതേസമയം, വഴക്കിനിടെ രഹ്ന കഫ് സിറപ്പ് അമിതമായി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും ആശുപത്രിയിലെത്തിക്കാനാണ് വലിച്ചിഴച്ചതെന്നുമാണ് ഭർത്താവ് നിധിൻ പൊലീസിനോട് പറഞ്ഞത്. സ്ത്രീധന പീഡന നിരോധന നിയമപ്രകാരമുള്ള കേസുകളിൽ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് സാധാരണ അറസ്റ്റ് നടത്തുന്നതെന്നും നടപടിയിൽ കാലതാമസം മാത്രമാണ് ഉണ്ടായതെന്നും തൃക്കുന്നപ്പുഴ പൊലീസ് വിശദീകരിച്ചു. മൂന്ന് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും.




