കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടർമാർ പിടിയിൽ. മലപ്പുറം പുതുപൊന്നാനി സ്വദേശി ഡോ. ഇർഷാദ്, തലശ്ശേരി വടക്കുമ്പാട് കൂളിബസാർ സ്വദേശി ഡോ. സിദ്ധാർത്ഥ് എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. ഒരാൾ ബെംഗളൂരുവിലെ പി.ജി. മെഡിക്കൽ വിദ്യാർഥിയും മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്ടറുമാണ്.
മട്ടന്നൂരിലെ സ്കൈ പാലസ് ബാറിലെ മുറിയിലും ആഡംബര വാഹനമായ ഥാറിലുമായി സൂക്ഷിച്ചിരുന്ന 2.809 ഗ്രാം എംഡിഎംഎയാണ് എക്സൈസ് പിടികൂടിയത്. എംഡിഎംഎ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ഥാറും കസ്റ്റഡിയിലെടുത്തു.
എക്സൈസ് കമ്മീഷണർ സ്ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ചോദ്യം ചെയ്യലിൽ എംഡിഎംഎ ബെംഗളൂരുവിൽ നിന്നാണ് വാങ്ങിയതെന്ന് ഇവർ മൊഴി നൽകിയതായി എക്സൈസ് അറിയിച്ചു.
ഇരുവരെയും മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ശേഷം തുടർനടപടികൾ വടകര നാർക്കോട്ടിക് സ്പെഷ്യൽ കോടതിയിൽ നടക്കും.




