തിരുവനന്തപുരം: വേളിയെ കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് ഒരുങ്ങുന്നതെന്നും ഭാവിയിൽ വേളിയെ കേരളത്തിലെ പ്രധാന ഗതാഗത ഹബ്ബാക്കി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. വിമാനത്താവളം, റെയിൽവേ, ജലഗതാഗതം, റോഡ് ഗതാഗതം എന്നിവയെല്ലാം ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമായി വേളി മാറുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ വേളി ടൂറിസം വില്ലേജിൽ നിന്ന് ആരംഭിച്ച പുതിയ യാത്രാ-വിനോദസഞ്ചാര ബോട്ട് സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കോവളം മുതൽ വർക്കല വരെയുള്ള ടൂറിസം സർക്യൂട്ടിന്റെ പ്രധാന കേന്ദ്രമായി വരും വർഷങ്ങളിൽ വേളി മാറും. കൊച്ചുവേളി റെയിൽവേ സ്റ്റേഷന്റെയും വിമാനത്താവളത്തിന്റെയും സാമീപ്യം ഇതിന് കൂടുതൽ സാധ്യത നൽകുമെന്നും മന്ത്രി പറഞ്ഞു. പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസവും വികസനവും ഉറപ്പാക്കിക്കൊണ്ടായിരിക്കും പദ്ധതികൾ നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
200 വർഷങ്ങൾക്ക് മുമ്പ് റാണി പാർവതി ഭായിയുടെ കാലത്ത് ആരംഭിച്ച ജലപാതയുടെ ചരിത്രപ്രാധാന്യവും മന്ത്രി അനുസ്മരിച്ചു. പുതിയ നിർമാണ പ്രവർത്തനങ്ങൾക്കൊപ്പം നിലവിലുള്ള ജലപാതകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനും പ്രാധാന്യം നൽകണം. കനാലുകൾ തുടർച്ചയായി ഉപയോഗിച്ചാൽ മാത്രമേ അവ വൃത്തിയായി നിലനിർത്താൻ കഴിയൂവെന്നും മന്ത്രി പറഞ്ഞു.
പാർവതി പുത്തനാറിലൂടെ വേളിയിൽ നിന്ന് കഠിനംകുളം കായലിലേക്കും തിരിച്ചുമുള്ള റൗണ്ട് ട്രിപ്പ് ബോട്ട് സർവീസിനാണ് തുടക്കമായത്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള 24 പേർക്ക് യാത്ര ചെയ്യാവുന്ന പരിസ്ഥിതി സൗഹൃദ സോളാർ ബോട്ടാണ് സർവീസിന് ഉപയോഗിക്കുന്നത്. ഒരു വശത്തേക്ക് 14 കിലോമീറ്റർ ദൂരമുള്ള യാത്രയ്ക്ക് രണ്ട് മണിക്കൂർ സമയമെടുക്കും.
തുടക്കത്തിൽ ദിവസവും രണ്ട് സർവീസുകളാണ് നടത്തുക. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്ക് ശേഷം 2.30 മുതൽ വൈകിട്ട് 6.30 വരെയുമാണ് സർവീസ്. ടൂറിസം സർവീസിന്റെ ഭാഗമായി കഠിനംകുളം ജെട്ടിയിൽ യാത്രക്കാരെ ഇറക്കിയ ശേഷം അര മണിക്കൂർ കായൽ കാഴ്ചകൾ ആസ്വദിക്കാൻ പ്രത്യേക സൗകര്യമുണ്ടാകും. തിരികെ കഠിനംകുളം ജെട്ടിയിലെത്തുന്ന ടൂറിസ്റ്റ് പാക്കേജിലെ യാത്രക്കാർക്ക് കുടുംബശ്രീയുടെ സഹകരണത്തോടെ ചായയും ഭക്ഷണവും ലഭ്യമാക്കും.
സാധാരണ യാത്രക്കാർക്ക് വേളിയിൽ നിന്ന് ചാന്നാങ്കരയിലേക്ക് 50 രൂപയും ചാന്നാങ്കരയിൽ നിന്ന് കഠിനംകുളത്തേക്ക് 30 രൂപയും വേളിയിൽ നിന്ന് കഠിനംകുളത്തേക്ക് നേരിട്ട് 80 രൂപയുമാണ് നിരക്ക്. വേളിയിൽ നിന്ന് കഠിനംകുളത്തേക്ക് പോയി തിരിച്ചുവരുന്ന വിനോദസഞ്ചാരികൾക്കുള്ള റൗണ്ട് ട്രിപ്പ് നിരക്ക് 400 രൂപയാണ്. 11 വയസ്സിന് മുകളിലുള്ളവർക്ക് പൂർണ നിരക്കും 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് 50 ശതമാനം നിരക്കും നൽകണം. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്.
ചടങ്ങിൽ രമ്യ ഹരിദാസ് എംഎൽഎ അധ്യക്ഷത വഹിച്ചു. മേയർ വി.വി. രാജേഷ് ആദ്യ യാത്രക്കാരനായ രാജുവിന് ടിക്കറ്റ് കൈമാറി. കെ.എസ്.ആർ.ടി.സിയും ജലഗതാഗത വകുപ്പും തമ്മിലുള്ള ധാരണാപത്രവും കൈമാറി. ഉദ്ഘാടനത്തിന് ശേഷം മന്ത്രിയും ബോട്ടിൽ യാത്ര ചെയ്തു.
വെട്ടുകാട് വാർഡ് കൗൺസിലർ കിൻസി എവിൻ, ജലഗതാഗത വകുപ്പ് ഡയറക്ടർ ഡോ. ജെ.ഒ. അരുൺ, കെ.ടി.ഡി.സി. മാനേജിംഗ് ഡയറക്ടർ സുമിത്കുമാർ ഠാക്കൂർ, ഇൻലാൻഡ് നാവിഗേഷൻ കുട്ടനാട് പാക്കേജ് ചീഫ് എൻജിനീയർ (ഇൻ ചാർജ്) അരുൺ കെ. ജേക്കബ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.




