സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം അഥവാ SIR ആണല്ലോ ഇപ്പോൾ രാജ്യത്താകെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന വിഷയം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി പോലും ആവശ്യപ്പെടുന്ന തരത്തിലേക്ക് SIR ബന്ധപ്പെട്ട വിവാദങ്ങൾ എത്തിനിൽക്കുകയാണ്. SIR അവസാന ലാപ്പിലേക്ക് അടുക്കുന്നതിനനുസരിച്ച് സങ്കീർണതകളും വിവാദങ്ങളും കൂടുന്നു. ഒന്നും രണ്ടും ഘട്ടങ്ങളിലായി 5.65 കോടിയോളം പേരാണ് അന്തിമ വോട്ടർപട്ടികയിൽ നിന്ന് പുറത്തായത്. മൂന്നാം ഘട്ടം പുരോഗമിക്കുന്നതിനിടെ 18 സംസ്ഥാനങ്ങളിലെ കരടുപട്ടിക പ്രകാരം 6.16 കോടി പേരാണ് ഒഴിവായത്. ഇതിനുപുറമേ പ്രമുഖർ ഉൾപ്പെടെ ലക്ഷക്കണക്കിനു പേർക്കാണ് വിവരങ്ങളിലെ പൊരുത്തക്കേടുകളുടെ പേരിൽ നോട്ടിസ് നൽകിയിരിക്കുന്നത്. ഇതിനിടെ, മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട പല പുതിയ വിവരങ്ങളും മറനീക്കി പുറത്തുവരികയാണ്. എസ്ഐആറിനെ കുറിച്ചും അതുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ചും അറിയാം…
സുതാര്യതയില്ലാത്ത തീരുമാനങ്ങളും കമ്മീഷനിലെ ഭിന്നതയും
ദ് ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടോടെയാണ് വിവാദങ്ങൾ പുതിയ തലത്തിലേക്ക് ഉയർന്നത്. കമ്മീഷൻ അംഗങ്ങളായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരുമായി കൂടിയാലോചിക്കാതെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തെന്നാണ് പ്രധാന ആരോപണം.
കഴിഞ്ഞ 10 മാസത്തിനിടെ പതിനാലോളം തവണ മറ്റ് കമ്മീഷണർമാർ വിയോജിപ്പ് അറിയിച്ചിട്ടും ഏകപക്ഷീയ നിലപാടുമായി മുന്നോട്ടുപോകുകയായിരുന്നു. സോഫ്റ്റ്‌വെയറുകൾ കേന്ദ്രീകൃതമാക്കിയതിലും വോട്ടർമാരുടെ ഡേറ്റ കൈകാര്യം ചെയ്തതിലും കമ്മീഷനുള്ളിൽ കടുത്ത സുരക്ഷാ ആശങ്ക നിലനിൽക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി സന്ധുവും ജോഷിയും ക്യാബിനറ്റ് സെക്രട്ടറിക്ക് പ്രത്യേകം കത്തയക്കുകയും ചെയ്തു.
എന്താണ് ഫോം-6? ഫോമിൽ വരുത്തിയ നിയമവിരുദ്ധ മാറ്റങ്ങൾ
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടികയിൽ പുതിയതായി പേര് ചേർക്കാൻ ഉപയോഗിക്കുന്ന ഔദ്യോഗിക അപേക്ഷാ ഫോമാണ് ഫോം-6. 18 വയസ്സ് തികഞ്ഞ പൗരന്മാർക്ക് വോട്ടേഴ്സ് സർവീസസ് പോർട്ടൽ (voters.eci.gov.in), വോട്ടർ ഹെൽപ് ലൈൻ ആപ്പ് അല്ലെങ്കിൽ ബി.എൽ.ഒ (BLO) വഴി ഇത് സമർപ്പിക്കാം. പ്രവാസികൾക്കായി ഫോം-6A യും, വിവരങ്ങൾ തിരുത്താനും വിലാസം മാറ്റാനും ഫോം-8 ഉം ഉപയോഗിക്കുന്നു. ഈ ഭാഗം വിവാദം കനത്തപ്പോൾ നീക്കം ചെയ്യും എന്ന തരത്തിലും ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നുണ്ട്.
എന്നാൽ, നിർദ്ദിഷ്ട നിയമഭേദഗതികളോ സർക്കാരിന്റെ ഔദ്യോഗിക ഉത്തരവോ ഇല്ലാതെ ഫോം-6 ൽ തികച്ചും ഏകപക്ഷീയമായി പുതിയ ചോദ്യങ്ങൾ കൂട്ടിച്ചേർത്തതാണ് വിവാദമായത്:
2002-ലെ എസ്.ഐ.ആർ വോട്ടർ പട്ടികയിൽ അപേക്ഷകന്റെ പേര് ഉണ്ടായിരുന്നോ?
അപേക്ഷകന്റെ മാതാപിതാക്കളുടെയോ അവരുടെ മാതാപിതാക്കളുടെയോ പേര് ഉൾപ്പെട്ടിരുന്നോ?
ഇവരുടെ ആരുടെയും പേരുകൾ ഉണ്ടായിരുന്നില്ലേ?
1960-ലെ വോട്ടർ റജിസ്ട്രേഷൻ നിയമങ്ങൾ ഭേദഗതി ചെയ്യാതെ ഓൺലൈൻ ഫോമിൽ വരുത്തിയ ഈ മാറ്റം നിയമവിരുദ്ധമാണെന്ന് കമ്മീഷണർമാർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അത് അവഗണിക്കപ്പെട്ടു. 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 28 പ്രകാരം ഇത്തരം മാറ്റങ്ങൾ പാർലമെന്റിനെ അറിയിക്കുകയും ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യേണ്ടതുണ്ട്.
കന്നിവോട്ടർമാർക്ക് പണി കിട്ടി: അമർഷത്തിൽ ജൻ സി
2002-നു ശേഷം ആദ്യമായാണ് രാജ്യത്ത് വീണ്ടുമൊരു എസ്.ഐ.ആർ നടക്കുന്നത്. അതിനാൽ 2008-ൽ ജനിച്ച് 2026-ൽ 18 വയസ്സ് തികയുന്ന കന്നിവോട്ടർമാരുടെ വിവരങ്ങൾ പഴയ പട്ടികയിൽ ഉണ്ടാകില്ല. ഇവർ വോട്ടർപട്ടികയിൽ പേരുചേർക്കുമ്പോൾ മാതാപിതാക്കളുടെയോ മുത്തശ്ശൻ/മുത്തശ്ശിമാരുടെയോ പൂർണ്ണ വിവരങ്ങൾ നൽകാൻ നിർബന്ധിതരാകുന്നു. ഇത് കുടിയേറ്റക്കാർക്കും താമസം മാറിയവർക്കും വലിയ തിരിച്ചടിയായി.
കൂടാതെ, എല്ലാ വർഷവും പതിവായി നടത്താറുള്ള സപ്ലിമെന്ററി അല്ലെങ്കിൽ സമ്മറി റിവിഷൻ (SSR) 2024-നു ശേഷം നടന്നിട്ടില്ല. നാല് തീയതികൾ (ജനുവരി 1, ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1) അടിസ്ഥാനമാക്കി പുതുതലമുറ വോട്ടർമാരെ ചേർക്കുന്ന രീതി മുടങ്ങിയത് ലക്ഷക്കണക്കിന് യുവാക്കളെ പട്ടികയ്ക്ക് പുറത്താക്കി.
കണക്കുകളിലെ വെട്ടലാക്കലുകൾ: കോടികൾ പുറത്ത്
എസ്.ഐ.ആറിന്റെ വിവിധ ഘട്ടങ്ങളിലായി ഇതുവരെ 13.98 കോടി ആളുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടെന്നാണ് കണക്കുകൾ.
ഒന്നാം ഘട്ടം: ബിഹാറിൽ മാത്രം 47 ലക്ഷം പേർ (5.95%) പുറത്തായി.
രണ്ടാം ഘട്ടം: കേരളവും യു.പിയും അടക്കമുള്ള 12 സംസ്ഥാനങ്ങളിൽ നിന്ന് 5.18 കോടി പേർ പുറത്തായി. കേരളത്തിൽ മാത്രം 9 ലക്ഷം പേർക്ക് (3.22%) വോട്ട് നഷ്ടമായി.
മൂന്നാം ഘട്ടം: 18 സംസ്ഥാനങ്ങളിലെ കരടുപട്ടിക പുറത്തുവന്നപ്പോൾ 6.16 കോടി പേരാണ് ഒഴിവാക്കപ്പെട്ടത്. 2026 സെപ്റ്റംബർ 1-ലെ കണക്കുപ്രകാരം ആകെ വോട്ടർമാർ 36.08 കോടിയിൽ നിന്ന് 29.93 കോടിയായി കുത്തനെ കുറഞ്ഞു.
പൊരുത്തക്കേടുകളും നോട്ടീസുകളും
വിവരങ്ങളിലെ 11 തരം സാങ്കേതിക പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് ലക്ഷക്കണക്കിന് ആളുകൾക്ക് കമ്മീഷൻ നോട്ടീസ് അയച്ചിരിക്കുന്നത്. മക്കളുടെ ജനനത്തീയതികൾ തമ്മിൽ 9 മാസത്തെ വ്യത്യാസമില്ലാത്ത ഇരട്ട സഹോദരങ്ങൾ, മാതാപിതാക്കളും മക്കളും തമ്മിൽ 15 വയസ്സിൽ താഴെയോ 50 വയസ്സിന് മുകളിലോ ഉള്ള പ്രായവ്യത്യാസം, സ്പെല്ലിങ് തെറ്റുകൾ, വിലാസ മാറ്റത്തിലെ EPIC ലിങ്കിങ് പിശകുകൾ എന്നിവയാണ് പ്രധാന കാരണങ്ങൾ.
‘വെട്ടേറ്റവരിൽ’ പ്രമുഖരും
ഡൽഹി എസ്ഐആറിന്റെ ഭാഗമായി പൊരുത്തക്കേടുകളെ ചൊല്ലി നോട്ടിസ് ലഭിച്ചതിൽ ഭൂരിഭാഗം പേരും പ്രമുഖരാണ്. മുൻ കേന്ദ്രമന്ത്രി സുബ്രഹ്മണ്യൻ സ്വാമി, കേന്ദ്ര ശമ്പള കമ്മിഷൻ അധ്യക്ഷ ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി, ബിജെപി ഐടി സെൽ മുൻ തലവൻ അമിത് മാളവ്യ, സെബിയുടെ തലവൻ തുഹിൻ കാന്ത പാണ്ഡെ, കേന്ദ്രസർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അജയ് സൂദ്, സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡിന്റെയും ബി.എസ്. ഗവായിയുടെയും ഭാര്യമാർക്കും നോട്ടിസ് ലഭിച്ചിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് ഉൾപ്പെടെ നോട്ടിസ് ലഭിച്ചെന്ന വിവരം പുറത്തുവന്നിരുന്നു.
എസ്ഐആറിൽ പേരുണ്ടോ?
എസ്ഐആറിൽ നിങ്ങളുടെ പേരുണ്ടോ എന്നറിയുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ voters.eci.gov.in സന്ദർശിക്കുക. ‘Search in Electoral Roll’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. വോട്ടർ ഐഡി കാർഡ് നമ്പർ (EPIC) നൽകി പരിശോധിക്കാം. പേര്, വയസ്സ്, ലിംഗം, സംസ്ഥാനം, ജില്ല, മണ്ഡലം എന്നിവ നൽകി തിരയാം. അതല്ലെങ്കിൽ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകിയും പരിശോധിക്കാം. ‘Voter Helpline’ എന്ന ആപ്പ് വഴിയും എസ്ഐആറിൽ പേരുണ്ടോയെന്ന് പരിശോധിക്കാം. ആപ്പിലെ ‘Search Your Name in Roll’ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് വോട്ടർ ഐഡി നമ്പറോ ക്യൂആർ കോഡോ ഉപയോഗിച്ച് വിവരങ്ങൾ പരിശോധിക്കാം. കേരളത്തിലെ വോട്ടർമാർക്ക് ceo.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ‘Electoral Roll (Draft / Final)’ തിരഞ്ഞെടുത്താൽ എസ്ഐആറിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാം.
ശ്രദ്ധിക്കുക: നോട്ടീസ് ലഭിച്ചവർ 7 ദിവസത്തിനുള്ളിൽ വിലാസം, ജനനത്തീയതി, പൗരത്വം എന്നിവ തെളിയിക്കുന്ന രേഖകൾ പോർട്ടലിലെ QR കോഡ് വഴിയോ, BLO മുഖേനയോ ഇ.ആർ.ഒ (ERO) യ്ക്ക് സമർപ്പിക്കണം. അല്ലാത്തപക്ഷം പേര് പൂർണ്ണമായും നീക്കം ചെയ്യും.
ജനധിപത്യ രാജ്യത്ത് ഓരോ പൗരന്റെയും വോട്ടവകാശം സംരക്ഷിക്കപ്പെടേണ്ടത് ഭരണഘടനാപരമായ ആവശ്യമാണ്. സാങ്കേതിക തകരാറുകളും ഏകപക്ഷീയമായ തീരുമാനങ്ങളും കാരണം കോടിക്കണക്കിന് യഥാർത്ഥ വോട്ടർമാർ പുറന്തള്ളപ്പെടുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകർക്കും. കമ്മീഷനുള്ളിലെ ഭിന്നതകൾ പരിഹരിച്ച് നിയമവിധേയവും സുതാര്യവുമായ നടപടികളിലൂടെ മാത്രമേ SIR പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കൂ.




