തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ചെന്ന വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ മന്ത്രി സജി ചെറിയനെതിരെ നടത്തിയ തുടരന്വേഷണത്തിലും നിർണായക തെളിവുകൾ കണ്ടെത്താനായില്ലെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണസംഘം അറിയിച്ചു. കേസ് എഴുതിത്തള്ളാൻ ശുപാർശ ചെയ്ത റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അന്വേഷണത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് മേധാവി അത് മടക്കിയതായാണ് വിവരം.
വിവാദ പ്രസംഗം ലൈവ് ചെയ്ത മൊബൈൽ ഫോൺ കണ്ടെത്താനായില്ലെന്നും പ്രസംഗം സംപ്രേഷണം ചെയ്ത സോഷ്യൽ മീഡിയ അക്കൗണ്ട് ഇല്ലാതാക്കിയതായും പൊലീസ് വ്യക്തമാക്കി. എന്നാൽ ആവശ്യമായ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാതെയാണ് അന്വേഷണം അവസാനിപ്പിച്ചതെന്ന വിമർശനവും ഉയരുന്നു.
ഭരണഘടന വിരുദ്ധ പ്രസംഗത്തെ തുടർന്ന് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു. കേസിൽ പൊലീസ് നൽകിയ ആദ്യ ക്ലീൻചിറ്റ് തള്ളിയ ഹൈക്കോടതി തുടരന്വേഷണം നടത്താൻ നിർദേശം നൽകിയിരുന്നു. ഇപ്പോഴത്തെ അന്വേഷണ റിപ്പോർട്ടിനെ ചുറ്റിപ്പറ്റിയും പുതിയ വിവാദങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് കേസ് വീണ്ടും ചർച്ചയാകുന്നത്.






