കോട്ടയം: അപ്പസ്തോലിക പാരമ്പര്യവും അതിന്റെ തുടർച്ചയും പൂർണ്ണമായ അർത്ഥത്തിൽ നാം ഉൾക്കൊള്ളണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. 43-ാമത് പാലാ രൂപതാ ബൈബിൾ കൺവെൻഷനിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. അപ്പസ്തോലിക പാരമ്പര്യവും തുടർച്ചയും പരസ്പരപൂരകങ്ങളാണെന്നും ഇതിൽ ഏതെങ്കിലും ഒന്നിന് മാത്രമാണ് പ്രാധാന്യമെന്ന് കരുതരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഒന്നിച്ച് ശ്വസിക്കുകയും ദൈവവചനം ശ്രവിച്ച് ജീവിതത്തെ വിലയിരുത്തുകയും ചെയ്യുമ്പോൾ നമ്മിൽ നിന്ന് നഷ്ടപ്പെട്ട വെളിച്ചം വീണ്ടെടുക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദൈവവചനമാകുന്ന വിളക്കുപയോഗിച്ച് ജീവിതത്തിലെ മറഞ്ഞിരിക്കുന്ന കാര്യങ്ങൾ വെളിച്ചത്തുകൊണ്ടുവരണം. അത് അനുതാപത്തിന്റെ വെളിച്ചമായി മാറണം. സ്വന്തം മനസ്സാക്ഷിയിൽ നഷ്ടപ്പെട്ട പ്രകാശം കണ്ടെത്താൻ വിശ്വാസികൾ നിരന്തരം വചനം ശ്രവിക്കണമെന്നും വചനത്തിന്റെ വിളക്ക് തെളിക്കണമെന്നും പാലായുടെ ഇടയൻ ആഹ്വാനം ചെയ്തു.
കൂട്ടായ്മയുടെ പ്രാധാന്യത്തെക്കുറിച്ച് സൂചിപ്പിച്ച അദ്ദേഹം, മറ്റുള്ളവരെ കൂടി പരിഗണിക്കുകയും അവരുടെ സഹായം തേടുകയും ചെയ്യുമ്പോഴാണ് ജീവിതം പൂർണ്ണമാകുന്നതെന്ന് ഓർമ്മിപ്പിച്ചു. രൂപതയുടെ ചരിത്രപരമായ ആരാധനാ പാരമ്പര്യത്തെ നാം വിസ്മരിക്കരുത്. ചരിത്രവും ദൈവാരാധനയും ദൈവവചനവും സമന്വയിപ്പിച്ച് വിശ്വാസികളെ ബോധവൽക്കരിക്കാനുള്ള വലിയ പരിശ്രമത്തിലാണ് രൂപതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




