പത്തനംതിട്ട: എം.സി റോഡിലെ അരമനപടിയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. അമിത വേഗത്തിലെത്തിയ ബസ് ചരക്ക് ലോറിയിലും ടെംപോ ട്രാവലറിലും പിക്കപ്പ് വാനിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന 10 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ടെംപോ ട്രാവലറിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ചരക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബസ് തിരിഞ്ഞ് പിന്നിൽ വന്ന പിക്കപ്പ് വാനിലും ഇടിച്ചു. പന്തളം ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തിൽപ്പെട്ടത്. അരമനപടി സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


