തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ സഹകരണ ബാങ്കുകൾ വഴി വീടുകളിലെത്തിക്കുന്ന രീതി നിർത്തലാക്കിയ സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. പെൻഷൻ വിതരണം അട്ടിമറിക്കാനുള്ള നീക്കമാണ് പുതിയ ഉത്തരവിലൂടെ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
കിടപ്പുരോഗികൾ ഒഴികെയുള്ള എല്ലാ ഗുണഭോക്താക്കൾക്കും പെൻഷൻ ഇനി ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) വഴി മാത്രം നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെയാണ് പിണറായി വിജയന്റെ പ്രതികരണം.
പാവപ്പെട്ടവരുടെ കൈകളിൽ നേരിട്ട് പെൻഷൻ തുക എത്തിക്കുന്ന ജനകീയ പെൻഷൻ വിതരണ സംവിധാനത്തെ തകർക്കാനുള്ള നീക്കമാണ് ഇതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. സഹകരണ സംഘങ്ങൾ വഴിയുള്ള വീട്ടുപടിക്കൽ പെൻഷൻ വിതരണം അവസാനിപ്പിക്കുന്നത് പെൻഷൻ പദ്ധതി തന്നെ ദുർബലപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും പിണറായി ആരോപിച്ചു.
വാതിൽപ്പടി സേവനം ആവശ്യമായവരിൽ ഭൂരിഭാഗവും അടിസ്ഥാന വിഭാഗത്തിൽപ്പെട്ടവരും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുമാണെന്നും പുതിയ ഉത്തരവ് ഇവർക്ക് വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യ സുരക്ഷാ പെൻഷൻ അവകാശമല്ല, സർക്കാരിന്റെ ഔദാര്യമാണെന്ന സമീപനത്തിന്റെ ഭാഗമാണ് പുതിയ തീരുമാനമെന്നും പിണറായി വിജയൻ ആരോപിച്ചു. കേന്ദ്ര നിർദേശങ്ങളെ മറികടന്നാണ് എൽഡിഎഫ് സർക്കാർ പെൻഷൻ വിതരണം നടത്തിയിരുന്നതെന്നും, എന്നാൽ നിലവിലെ സർക്കാർ കേന്ദ്ര നിർദേശത്തെ അവസരമാക്കി പെൻഷൻ സംവിധാനത്തെ ദുർബലപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും ആവശ്യമായ എല്ലാ ഗുണഭോക്താക്കൾക്കും സഹകരണ സംഘങ്ങൾ വഴി വീടുകളിലെത്തി പെൻഷൻ വിതരണം ചെയ്യുന്ന സംവിധാനം പുനഃസ്ഥാപിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.











