കൊച്ചി: ബാടിക് എയർ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച കേസിലെ പ്രതി മജിസ്‌ട്രേറ്റിന് മുന്നിൽ വീണ്ടും ബഹളം ഉണ്ടാക്കി. ജാമ്യ രേഖകൾ വലിച്ചുകീറിയാണ് യുവാവ് പരാക്രമം നടത്തിയത്. പൊലീസ് ഇടപെട്ട് സാഹചര്യം നിയന്ത്രിച്ചു. പാലക്കാട് സ്വദേശി ജംഷീർ അത്താണിക്കൽ (36) ആണ് കേസിലെ പ്രതി. ഇയാൾക്ക് ഗുരുതരമായ മാനസിക പ്രശ്‌നങ്ങൾ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.
കോലാലംപൂരിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് വന്ന ബാടിക് എയർ വിമാനത്തിലാണ് സംഭവം നടന്നത്. വിമാനത്തിലെ എമർജൻസി വാതിൽ ബലമായി തുറക്കാൻ ശ്രമിക്കുകയും ജനൽ പാനൽ അടിച്ച് തകർക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
വിമാനത്തിലെ യാത്രക്കാരോടും ജീവനക്കാരോടും ഇയാൾ അക്രമാസക്തമായി പെരുമാറിയതായും, തടയാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. യാത്രക്കാരും ക്യാബിൻ ക്രൂവും ചേർന്ന് സമയബന്ധിതമായി ഇടപെട്ടാണ് ഇയാളെ നിയന്ത്രണത്തിലാക്കിയത്. ഒ.ഡി 231 നമ്പർ വിമാനത്തിലെ 12 എ സീറ്റിലായിരുന്നു ജംഷീർ യാത്ര ചെയ്തിരുന്നത്. ബുധനാഴ്ച രാത്രി ഇന്ത്യൻ സമയം 9.30നും 11.05നും ഇടയിലാണ് സംഭവം നടന്നത്.
വിമാനം കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയതിന് പിന്നാലെ ബാടിക് എയർ സെക്യൂരിറ്റി ഇൻചാർജ് ബിന്ദുമോഹൻ നായർ പൊലീസിൽ പരാതി നൽകുകയായിരുന്നു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് യുവാവ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.


