കൊല്ലം: കൊല്ലം- ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു. പുനലൂർ പത്തേക്കർ ചേരിക്കോണം ഇട്ടിവിള വീട്ടിൽ അജിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ ദിവസം രാത്രി പുനലൂർ പത്തേക്കർ ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. പുനലൂരിൽ നിന്ന് കൊല്ലത്തേക്ക് പോയ മെമു ട്രെയിനാണ് അജിയെ തട്ടിയത്. കൈയ്ക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ അജിയെ പാളത്തിന് സമീപം കിടന്ന നിലയിൽ നാട്ടുകാർ കണ്ടെത്തി.തുടർന്ന് നാട്ടുകാർ അജിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സന്ധ്യയാണ് ഭാര്യ. അജിക്ക് ആറ് മക്കളുണ്ട്.


