ചെന്നൈ: ഐപിഎൽ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉടമ കാവ്യ മാരനും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നെന്ന് റിപ്പോര്‍ട്ട്. ഗ്രീസില്‍ നടക്കുന്ന സ്വകാര്യ ചടങ്ങില്‍ നവംബര്‍ 10ന് ഇരുവരും വിവാഹിതരാകുമെന്നാണ് വാർത്തകൾ പരക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇരുവരും ഈ വർഷം അവസാനം സ്പെയിനിൽ വച്ച് വിവാഹിതരാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കാവ്യയും അനിരുദ്ധും തമ്മിൽ പ്രണയത്തിലാണെന്നത് വർഷങ്ങളായുള്ള അഭ്യൂഹമാണ്.
പുതിയ വാർത്തകൾ അനുസരിച്ച്, ദീപാവലിക്കു രണ്ടു ദിവസത്തിനു ശേഷം നടക്കുന്ന വിവാഹത്തിനായി ഇരുവരും കുടുബത്തോടൊപ്പം ഗ്രീസിലേക്ക് പോകുമെന്നാണ് വിവരം. എന്നാൽ ഗ്രീസില്‍ എവിടെ വച്ചാണ് വിവാഹമെന്നോ വിവാഹത്തിന്‍റെ മറ്റു വിവരങ്ങളോ പുറത്തുവന്നിട്ടില്ല. അനിരുദ്ധിന്റെ ബന്ധുവും നടനുമായ വൈ.ജി.മഹേന്ദ്ര, അനിരുദ്ധിന്‍റെ വിവാഹം ഉടനുണ്ടാകുമെന്ന് അടുത്തയിടെ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇതു വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. കാവ്യയെ പ്രശംസിച്ച് മഹേന്ദ്ര സംസാരിച്ചതോട, വധു കാവ്യ തന്നെയെന്ന് ആരാധകർ ഉറപ്പിക്കുകയും ചെയ്തു.




