കൊച്ചി: പത്തനംതിട്ട അടൂരിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എത്തിയ രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്ക് പിഴ ചുമത്തിയ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടിയിൽ ഹൈക്കോടതിക്ക് അതൃപ്തി. രൂപമാറ്റം വരുത്താത്ത വാഹനങ്ങൾ ഉപയോഗിച്ചും രക്ഷാപ്രവർത്തനം നടത്താനാകുമെന്ന് കോടതി നിരീക്ഷിച്ചു. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനിടയായ സാഹചര്യം വിശദീകരിക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു.
മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ പിന്നീട് തിരിച്ചെടുത്തെങ്കിലും സസ്പെൻഷന്റെ കാരണം വ്യക്തമാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിച്ച രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്ക് ആവശ്യമായ അനുമതി ഉണ്ടായിരുന്നോയെന്നും സർക്കാർ വ്യക്തമാക്കണമെന്ന് കോടതി നിർദേശിച്ചു. പൊലീസിന് അനുവദിച്ച ഗൂർഖ ജീപ്പുകൾ ദുരിതബാധിത മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാനാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ വെള്ളിയാഴ്ച വിശദമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു.
വാഹനങ്ങളിൽ അനധികൃതമായി രൂപമാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയാണ് പരിഗണിക്കുന്നത്. വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാടും കോടതി തേടിയിട്ടുണ്ട്.











