ആലപ്പുഴ: എഴുപുന്നയിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുമ്പളങ്ങി പഴങ്ങാടി വലിയപറമ്പ് സ്വദേശിയായ നിധിൻ (30) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏകദേശം 11.30 ഓടെയായിരുന്നു സംഭവം. എഴുപുന്ന പാലസ് ബാറിൽ മദ്യപിക്കുന്നതിനിടെ നിധിനും നാലംഗ സംഘത്തിനും ഇടയിൽ തർക്കം ഉണ്ടായി. തുടർന്ന് ബാറിന് പുറത്തുവെച്ച് ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷം ഉണ്ടായതായാണ് പോലീസ് അറിയിച്ചത്.
ബാറിന് സമീപം റോഡരികിൽ ബോധരഹിതനായി കിടന്ന നിലയിൽ നിധിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് അരൂർ പോലീസ് എത്തി അദ്ദേഹത്തെ കുമ്പളങ്ങിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയായിരുന്നു മരണം. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






