നഗോയ: ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യയുടെ കൗമാര വിസ്മയം കുംകും മൊഹോദ്. വനിതകളുടെ റിക്കര്‍വ് വിഭാഗം വ്യക്തിഗത പോരാട്ടത്തില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് മെഡല്‍, അതും സ്വർണം. 14ാം ദിനത്തില്‍ ഇന്ത്യന്‍ കുതിപ്പിന് സ്വര്‍ണ നേട്ടത്തടെ തുടക്കമിടാന്‍ 17കാരിക്ക് സാധിച്ചു. താരത്തിന്റെ ഗെയിംസിലെ രണ്ടാം സ്വർണ നേട്ടം കൂടിയാണിത്. നേരത്തെ ഇതേ ഇനത്തിൽ ടീം വിഭാഗത്തിലും കുംകും സ്വർണം നേടിയിരുന്നു.
ഈയിനത്തിന്റെ വ്യക്തിഗത പോരില്‍ ആദ്യമായി ഫൈനലിലെത്തുന്ന ഇന്ത്യന്‍ വനിതാ അമ്പെയ്ത്ത് താരമെന്ന നേട്ടവുമായാണ് കുംകും കലാശപ്പോരിന് ഇറങ്ങിയത്. ഫൈനലില്‍ ദക്ഷിണ കൊറിയന്‍ താരം ഒഹ് യെജിന്റെ കടുത്ത വെല്ലുവിളി കുംകും കൂളായി തന്നെ നേരിട്ടു. ത്രില്ലര്‍ പോരില്‍ 10-8 എന്ന സ്‌കോറിനാണ് താരം സ്വര്‍ണം എയ്തു വീഴ്ത്തിയത്.
പിന്നാലെ വനിതാ ഗോള്‍ഫിലും ചരിത്രമെഴുതി ഇന്ത്യയുടെ സുവര്‍ണ മുന്നേറ്റം. ചരിത്രത്തിലാദ്യമായി ഏഷ്യന്‍ ഗെയിംസ് ഗോള്‍ഫില്‍ ഇന്ത്യക്ക് സ്വര്‍ണം. പ്രണവി ഊര്‍സാണ് ഇന്ത്യക്ക് നേട്ടം സമ്മാനിച്ചത്. ഏഷ്യൻ ഗെയിംസ് ഗോൾഫിൽ ഇന്ത്യക്കായി സ്വർണം നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന അനുപമ നേട്ടവും പ്രണവിയ്ക്ക് സ്വന്തം.
ഇനി ക്രിക്കറ്റിലേക്ക് വന്നാൽ, പുരുഷ ടി20 ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെതിരെ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി അഭിഷേക് ശര്‍മ. 20 പന്തില്‍ 6 സിക്‌സും 3 ഫോറും സഹിതം അഭിഷേക് 52 റണ്‍സ് അടിച്ചെടുത്തു. താരത്തിന്റെ മികവില്‍ ഇന്ത്യ പവര്‍പ്ലേയില്‍ തൂക്കിയത് 36 പന്തില്‍ 81 റണ്‍സ്. ഒടുവിൽ വിവരം കിട്ടുമ്പോൾ 18 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 172 എന്ന നിലയിലാണ് ഇന്ത്യ. 28 പന്തിൽ 61 റൺസാണ് അഭിഷേക് അടിച്ചെടുത്തത്.




