മലപ്പുറം: കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്ന ബസുകൾ പിൻവലിച്ച് വാനുകളാക്കി മാറ്റാനുള്ള തീരുമാനത്തിന്റെ ഭാഗമായി ആലുവയിൽ മാത്രം ആറ് ബസുകൾ പൊളിച്ചുമാറ്റും. ഇക്കഴിഞ്ഞ 23ന് കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസിലെ മെക്കാനിക്കൽ എൻജിനിയറുടെ നേതൃത്വത്തിൽ ചേർന്ന ഗൂഗിൾ മീറ്റിലാണ് വിവിധ ഡിപ്പോകളിൽ വാനുകളാക്കി മാറ്റാൻ കഴിയുന്ന ബസുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയത്.
ഇതനുസരിച്ച് ആലുവയിൽ ആറ് ബസുകളാണ് കണ്ടെത്തിയതെന്ന് മെക്കാനിക്കൽ എൻജിനിയർക്ക് നൽകിയ കത്തിൽ വർക്സ് മാനേജർ വ്യക്തമാക്കി. ഈ ബസുകൾ വാനുകളാക്കി മാറ്റുന്നതിനായി ആലുവ റീജണൽ വർക്‌ഷോപ്പിലേക്ക് അയയ്ക്കാനുള്ള നിർദേശം നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
തിരുവനന്തപുരം സെൻട്രൽ വർക്‌ഷോപ്പിൽ നിന്ന് വിവിധ ഡിപ്പോകളിലേക്ക് സ്പെയർ പാർട്സ് എത്തിക്കാൻ ഉപയോഗിച്ചിരുന്ന 35 വാനുകളുടെ കാലാവധി കഴിഞ്ഞ 30ന് അവസാനിച്ചിരുന്നു. പുതിയ വാനുകൾ വാങ്ങുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതുവരെ സ്പെയർ പാർട്സ് നീക്കം തടസപ്പെട്ടാൽ ബസ് സർവീസുകളുടെയും വർക്‌ഷോപ്പുകളുടെയും പ്രവർത്തനത്തെ ബാധിക്കുമെന്നതിനാലാണ് നിലവിൽ സർവീസ് നടത്തുന്ന ബസുകളുടെ സീറ്റുകൾ അഴിച്ചുമാറ്റി താൽക്കാലികമായി വാനുകളാക്കി ഉപയോഗിക്കാനുള്ള നടപടികൾ ആരംഭിച്ചത്.
അതേസമയം, ബസുകൾ വാനുകളാക്കി മാറ്റുന്നതിൽ നിയമപരമായ തടസങ്ങളും ഇൻഷുറൻസ് പരിരക്ഷ സംബന്ധിച്ച ആശങ്കകളും ഡ്രൈവർമാർക്കിടയിലുണ്ട്. എന്നാൽ കോർപ്പറേഷൻ തീരുമാനവുമായി മുന്നോട്ടുപോകുകയാണ്.
സർക്കാരിന്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിക്ക് ഉൾപ്പെടെ ഉപയോഗിക്കുന്ന ലോക്കൽ ബസുകൾ പൊളിച്ച് വാനുകളാക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനെതിരെ ചിലർ രംഗത്തെത്തിയിരുന്നെങ്കിലും പുതിയ രേഖ പുറത്തുവന്നതോടെ ബസുകൾ വാനുകളാക്കി മാറ്റാനുള്ള നീക്കം കെ.എസ്.ആർ.ടി.സിയുടെ ഔദ്യോഗിക തീരുമാനത്തിന്റെ ഭാഗമാണെന്ന് വ്യക്തമാകുകയാണ്.
മെക്കാനിക്കൽ എൻജിനിയറുടെ നേതൃത്വത്തിൽ നടന്ന ഗൂഗിൾ മീറ്റിലെ നിർദേശപ്രകാരമാണ് വിവിധ ഡിപ്പോകളിൽ നിന്ന് ബസുകൾ കണ്ടെത്താൻ തീരുമാനിച്ചതെന്നും രേഖ വ്യക്തമാക്കുന്നു. ഇതോടെ സർവീസ് നടത്തുന്ന ബസുകൾ വാനുകളാക്കി മാറ്റാനുള്ള നടപടി കോർപ്പറേഷന്റെ ഔദ്യോഗിക തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമായി.




