ഭുവനേശ്വർ: അസമിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ 22,000ത്തിലധികം പേർ ദുരിതത്തിലായി. ആറ് ജില്ലകളിലായി വ്യാപക വെള്ളപ്പൊക്കവും നാശനഷ്ടവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. പല പ്രദേശങ്ങളിലും മണ്ണിടിച്ചിലും ഉണ്ടായതായി അധികൃതർ അറിയിച്ചു.
മഴക്കെടുതിയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതോടെ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചു. സ്ഥിതിഗതികൾ സർക്കാർ നിരന്തരം നിരീക്ഷിച്ചുവരുകയാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.
ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് കേന്ദ്രത്തിന്റെ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആഭ്യന്തരമന്ത്രി അമിത് ഷാ ഹിമന്ത ബിശ്വ ശർമയുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും കേന്ദ്രത്തിന്റെ പൂർണ പിന്തുണ ഉറപ്പുനൽകുകയും ചെയ്തു.
ധേമാജി ജില്ലയിലാണ് മഴക്കെടുതി ഏറ്റവും രൂക്ഷം. കനത്ത മഴയെ തുടർന്ന് സിമെൻ നദിയിലെ റെയിൽവേ പാലത്തിന്റെ ഒരു തൂൺ ഭാഗികമായി തകർന്നതോടെ ആർകിപഥർ–സിമെൻ ചാപാരി സ്റ്റേഷനുകൾക്കിടയിലെ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. പാലത്തിനുസമീപത്തെ മണ്ണ് ഒലിച്ചുപോയതാണ് തൂൺ തകരാൻ കാരണമായത്.
അതേസമയം, അരുണാചൽ പ്രദേശിലും മഴക്കെടുതി രൂക്ഷമാണ്. ഒഴുക്കിൽപ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തിയതോടെ സംസ്ഥാനത്തെ മരണസംഖ്യ മൂന്നായി. കനത്ത മഴയും മണ്ണിടിച്ചിലും മൂലം നിരവധി ജില്ലകൾ ഒറ്റപ്പെടുകയും നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.






