മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനങ്ങളിൽ നിന്നും സംഭാവന തേടി പി വി അൻവർ . ഫേസ്ബുക് പോസ്റ്റിലൂടെയാണ് അൻവർ അഭ്യർത്ഥനയുമായി എത്തിയത്. ”നമ്മുടെ നാടിനെ നശിപ്പിക്കുന്ന പിണറായിസത്തിനെതിരെ പോരാടിയതിന്റെ പേരിൽ എല്ലാം നഷ്ടപ്പെട്ടവനാണ് ഞാൻ. ഈ പോരാട്ടത്തിൽ അധികാരവും ഭരണത്തണലും മാത്രമല്ല, ഇത്ര കാലം വിയർപ്പൊഴുക്കി സമ്പാദിച്ചത് കൂടി നഷ്ടമായി. നിങ്ങൾ എനിക്ക് സംഭാവന നൽകുന്ന ഓരോ രൂപയും എനിക്കുള്ള ധാർമിക പിന്തുണയായിട്ടാണ് കാണുന്നത്”- അൻവർ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
തെരഞ്ഞെടുപ്പിനുള്ള ഒരു മുന്‍കരുതലും തന്റെ കൈയിലില്ലെന്നും മാനസിക അല്ലെങ്കില്‍ ധാര്‍മിക പിന്തുണ അര്‍പ്പിക്കാന്‍ നിലമ്പൂരിലെ വോട്ടര്‍മാര്‍ പത്ത് രൂപ അല്ലെങ്കില്‍ ഒരു രൂപ ഈ അക്കൗണ്ടിലേക്ക് അയക്കണം എന്നും പി വി അൻവർ ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. താൻ ശബ്ദിച്ചത് മുഴുവൻ ഈ നാട്ടിലെ സാധാരണക്കാർക്ക് വേണ്ടിയാണെന്നും തന്റെ ജീവൻ വരെ സുരക്ഷിതമല്ല എന്ന ഉത്തമ ബോധ്യത്തോട് കൂടിയാണ് പോരാട്ടത്തിൽ താനിറങ്ങി തിരിച്ചതെന്നും അൻവർ കൂട്ടിച്ചേർത്തു. ടി പി ചന്ദ്രശേഖരനെ ചെയ്തത് പോലെ വെട്ടിക്കൊലപ്പെടുത്തുന്നതില്‍ നിന്ന് തന്നെ രക്ഷപ്പെടുത്താനുള്ള ഉത്തരവാദിത്തം തന്നെ സ്‌നേഹിക്കുന്ന ജനങ്ങള്‍ക്കാണ് എന്നും അൻവർ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.






