ടെഹ്റാൻ: ഒമാൻ കടലിടുക്ക് വഴി സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു ചരക്കുകപ്പലിന് നേരെ അജ്ഞാത കേന്ദ്രങ്ങളിൽ നിന്ന് രണ്ട് തവണ ആക്രമണം നടന്നതായി റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് കപ്പലിൽ വലിയ തീപിടിത്തം ഉണ്ടായതായാണ് വിവരം.
സംഭവത്തിന് പിന്നാലെ കപ്പലിന് സഹായം നൽകാൻ പാകിസ്താൻ നാവികസേനയുടെ കപ്പൽ സ്ഥലത്തെത്തി. യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ആണ് ഈ വിവരങ്ങൾ അറിയിച്ചത്. കടലിലൂടെ തൊടുത്തുവിട്ട രണ്ട് അജ്ഞാത വസ്തുക്കളാണ് കപ്പലിൽ പതിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഒമാനിലെ റാസ് അൽ ഹദ് നിന്ന് ഏകദേശം 112 നോട്ടിക്കൽ മൈൽ തെക്ക്-കിഴക്ക് ഭാഗത്താണ് സംഭവം നടന്നത്. കപ്പൽ ഏത് രാജ്യത്തേതാണെന്നോ, ആക്രമണത്തിന് പിന്നിൽ ആരാണെന്നോ, ഉപയോഗിച്ച ആയുധങ്ങൾ എന്താണെന്നോ സംബന്ധിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.




