കുവൈത്ത് സിറ്റി: യുകെയിൽ നിന്ന് കൊറിയർ മാർഗം കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞു. പ്രമുഖ എക്സ്പ്രസ് ഷിപ്പിംഗ് കമ്പനിയുടെ രണ്ട് പാഴ്സലുകളിൽ നിന്നായി 2.3 കിലോഗ്രാം ലഹരിവസ്തുവാണ് പിടിച്ചെടുത്തത്.
‘ബോഡി വാഷ്’ എന്ന പേരിൽ ഷിപ്പിംഗ് രേഖകളിൽ രേഖപ്പെടുത്തിയിരുന്ന പാഴ്സലുകൾ പരിശോധിക്കുമ്പോൾ കസ്റ്റംസ് സംഘത്തിന് സംശയം തോന്നുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ കുപ്പികൾക്കുള്ളിൽ സുതാര്യ ദ്രാവകം കണ്ടെത്തി.
സാമ്പിളുകൾ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിലേക്ക് പരിശോധനയ്ക്കായി അയച്ചതോടെ, അത് മാരക ലഹരിവസ്തുവായ ‘കെമിക്കൽ ലിക്വിഡ്’ ആണെന്ന് സ്ഥിരീകരിച്ചു. പിടിച്ചെടുത്ത ലഹരിവസ്തുവിന്റെ ആകെ ഭാരം ഏകദേശം 2.3 കിലോഗ്രാമാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് വിഭാഗവുമായി ചേർന്ന് പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചു. കേസ് തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും അധികൃതർ വ്യക്തമാക്കി. അതിർത്തി വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയാൻ കർശന പരിശോധന തുടരുമെന്നും കസ്റ്റംസ് വകുപ്പ് അറിയിച്ചു.






