ന്യൂഡൽഹി: ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടി ആന്തരിക ശാരീരിക പരിശോധനയ്ക്ക് തയ്യാറാകാത്ത പക്ഷം അതിന് നിർബന്ധിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. പീഡനം തെളിയിക്കാനെന്ന പേരിൽ അതിജീവിതയെ ഇത്തരം പരിശോധനകൾക്ക് വിധേയയാക്കാൻ ഭരണകൂടത്തിന് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു.
അതിജീവിതയ്ക്ക് നേരിട്ട മുറിവും മാനസിക ആഘാതവും വീണ്ടും വർധിപ്പിക്കുന്ന രീതിയിൽ നടപടികൾ സ്വീകരിക്കാനാകില്ലെന്നും ജസ്റ്റിസ് ഗിരീഷ് കത്പാലിയ വ്യക്തമാക്കി. 11 വയസുള്ള വളർത്തുമകളെ പീഡിപ്പിച്ച കേസിൽ ബംഗ്ലാദേശ് സ്വദേശിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ നിർണായക പരാമർശം.
ഉത്തർപ്രദേശ് സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം സംഭവം പുറത്തുപറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും കേസിൽ ആരോപണമുണ്ട്. തനിക്കെതിരെ വ്യാജകഥ ചമച്ചതാണെന്ന വാദവുമായി പ്രതി കോടതിയെ സമീപിക്കുകയായിരുന്നു.
സംഭവസമയത്ത് പെൺകുട്ടിക്ക് 11 വയസിലധികം പ്രായമുണ്ടായിരുന്നുവെന്നും, ആന്തരിക പരിശോധനയ്ക്ക് അവൾ തയ്യാറായില്ലെന്നതും ജാമ്യം അനുവദിക്കാനുള്ള കാരണമായി പരിഗണിക്കണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. എന്നാൽ ഈ വാദങ്ങൾ കോടതി തള്ളി.






