ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ പരിശീലന പറക്കലിനിടെ ചെറുവിമാനം തകർന്നുവീണ് വനിതാ പൈലറ്റിന് പരിക്കേറ്റു. തിങ്കളാഴ്ച ലാൻഡിങ്ങിനിടെയാണ് സെസ്‌ന 152 വിമാനം അപകടത്തിൽപ്പെട്ടത്. സാങ്കേതിക തകരാറാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി പൈലറ്റിനെ സുരക്ഷിതമായി പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ആഗ്രയിലെ ആശുപത്രിയിലേക്ക് മാറ്റി. പൈലറ്റിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.
സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ യഥാർഥ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സാങ്കേതിക തകരാറാണോ, പ്രതികൂല കാലാവസ്ഥയാണോ, അതോ മറ്റേതെങ്കിലും ഘടകങ്ങളാണോ അപകടത്തിന് വഴിവെച്ചതെന്ന് വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.













