ഇസ്ലാമാബാദ്: സിന്ധു നദീജല കരാറിനെ ആസ്പദമാക്കി അന്താരാഷ്ട്രതലത്തിൽ പുതിയ നയതന്ത്ര പ്രചാരണം ആരംഭിക്കാൻ പാകിസ്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെയും ഫീൽഡ് മാർഷൽ ആസിം മുനീറിന്റെയും നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുമെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.
സിന്ധു നദീജല വിഷയത്തെ ആഗോളതലത്തിൽ ഉയർത്തിക്കാട്ടുകയും ഇന്ത്യയുടെ നിലപാടിനെതിരെ അന്താരാഷ്ട്ര പിന്തുണ തേടുകയും ചെയ്യുകയാണ് പാകിസ്താന്റെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ നടപടികൾ രാജ്യത്തെ ഗുരുതര ജലക്ഷാമത്തിലേക്ക് തള്ളിവിടുന്നുവെന്നും അത് പാകിസ്താന്റെ കാർഷിക മേഖലയെയും സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുന്നുവെന്നുമുള്ള വാദമാണ് പാകിസ്താൻ മുന്നോട്ടുവയ്ക്കാൻ ശ്രമിക്കുന്നത്.
അന്താരാഷ്ട്ര കരാറുകളുടെ അടിസ്ഥാനത്തിൽ ലഭിക്കേണ്ട നദീജല പ്രവാഹം തടയാൻ ഇന്ത്യയ്ക്ക് അവകാശമില്ലെന്നും, സിന്ധു നദീജല കരാർ പൂർണമായി പുനഃസ്ഥാപിക്കണമെന്നുമാണ് പാകിസ്താന്റെ നിലപാട്.
ഇതിനിടെ ഇന്ത്യക്കെതിരായ പരസ്യപ്രസ്താവനകളും പാകിസ്താൻ കടുപ്പിച്ചിട്ടുണ്ട്. സിന്ധു നദീജല കരാർ പ്രകാരമുള്ള പാകിസ്താന്റെ ജലവിഹിതം തടയാൻ ശ്രമിക്കുന്നവരുടെ “കൈകൾ വെട്ടിമാറ്റും” എന്ന വിവാദ പരാമർശമാണ് പാകിസ്താനിലെ കാലാവസ്ഥാ മന്ത്രി മുസാദിക് മാലിക് നടത്തിയത്. ഇന്ത്യ പാകിസ്താന്റെ ജലവിഹിതം നിയന്ത്രിക്കുകയാണെന്നും, അത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കാൻ ആവശ്യമായ ഏത് ത്യാഗവും സഹിക്കുമെന്ന് പാകിസ്താൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ത്യ ‘ജല ഭീകരത’ നടപ്പാക്കുകയാണെന്ന ആരോപണവും പാകിസ്താൻ നേതാക്കൾ ആവർത്തിക്കുന്നുണ്ട്. രാജ്യത്തിന്റെ ജലസുരക്ഷയ്ക്ക് ഭീഷണിയുണ്ടായാൽ ശക്തമായ മറുപടി നൽകാൻ സൈന്യം സജ്ജമാണെന്നും അവർ അവകാശപ്പെടുന്നു.
അതേസമയം, പാകിസ്താന്റെ നീക്കങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായാണ് സൂചന. പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചത്. ഇതിന് ശേഷം പാകിസ്താനിൽ ജലലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചതായും റിപ്പോർട്ടുകളുണ്ട്.




