ഡി.ആർ. കോംഗോ: രാജ്യത്ത് എബോള വൈറസ് ബാധ നാലാമത്തെ പ്രവിശ്യയിലേക്കും വ്യാപിച്ചതായി അധികൃതർ അറിയിച്ചു. ദക്ഷിണ സുഡാനും സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കും അതിർത്തി പങ്കിടുന്ന ഹൗട്ട്-യൂലെ പ്രവിശ്യയിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലാകെ രോഗവ്യാപനം ഉണ്ടായതായി ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഇതുവരെ 1,274 കേസുകളും 360 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇട്ടൂരി പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ രോഗബാധ. ഇവിടെ മാത്രം 1,165 കേസുകളും 301 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. നോർത്ത് കിവു, സൗത്ത് കിവു എന്നിവിടങ്ങളിലും നേരത്തെ രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. അതിർത്തി കടന്ന് യുഗാണ്ടയിലും 20 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗവ്യാപനം കൂടുതലായി കാണുന്നത് സംസ്കാര ചടങ്ങുകളിലെ അടുത്ത സമ്പർക്കം മൂലമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളുമായി ബന്ധപ്പെടുന്നതാണ് പ്രധാന കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
ആരോഗ്യപ്രവർത്തകരും രോഗബാധിതരാകുന്ന സാഹചര്യമാണ്. ഇതുവരെ 78 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിക്കുകയും 18 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. ബൂൻഡി ബുഗ്യോ എന്ന അപൂർവ വകഭേദമാണ് ഇപ്പോഴത്തെ വ്യാപനത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കുന്നു. ചികിത്സയോ വാക്സിനോ പരിമിതമായ സാഹചര്യത്തിലാണ് രോഗവ്യാപനം തുടരുന്നത്.













