ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയെ തുടർന്നുണ്ടായ ദുരന്തം തുടരുന്നു. അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയവും ഉരുൾപൊട്ടലും ഉണ്ടായതിനെ തുടർന്ന് മൂന്ന് പേർ മരിച്ചു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.
പലയിടങ്ങളിലും മലവെള്ളപ്പാച്ചിലിൽ റോഡുകളും പാലങ്ങളും ഒലിച്ചുപോയതായി റിപ്പോർട്ട് ചെയ്യുന്നു. അസമിൽ മാത്രം ഏഴ് ജില്ലകളിലായി 45,000ത്തിലധികം ആളുകൾ പ്രളയത്തിൽ ബാധിക്കപ്പെട്ടു. 257 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്.
കൂടാതെ, നാലായിരത്തിലധികം ഹെക്ടർ കൃഷിയിടത്തിലെ വിളകൾ നശിച്ചതായും അധികൃതർ അറിയിച്ചു. വ്യോമസേനയും ദേശീയ ദുരന്ത നിവാരണ സേനയും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അസം, അരുണാചൽ പ്രദേശ് മുഖ്യമന്ത്രിമാരുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അതേസമയം, ജൂലൈ 1 വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.




