കോഴിക്കോട്:ബസ് നിർത്താത്തതുമായി ബന്ധപ്പെട്ട് യാത്രക്കാരിയായ യുവതി കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം തകൃതിയാകുന്നു. ബസിലെ തർക്കത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, യുവതി പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ബന്ധുവാണെന്ന് ആരോപിച്ചുകൊണ്ടാണ് ഇരുവിഭാഗങ്ങളും സൈബർ പോരാട്ടവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. തനിക്കെതിരായ പ്രചാരണത്തെ തള്ളി മുസ്‌ലിം ലീഗ് നേതാവും നിയുക്ത എംഎൽഎയുമായ പി.കെ. ഫിറോസും, സംസ്ഥാന പ്രസിഡന്റ് വി. വസീഫിനെതിരായ പ്രചാരണത്തെ തള്ളി ഡിവൈഎഫ്‌ഐയും രംഗത്തെത്തിയതോടെ വിഷയം വലിയ രാഷ്ട്രീയ ചർച്ചയായി മാറിയിരിക്കുകയാണ്.
‘കൊടുവള്ളി എംഎൽഎ പി.കെ. ഫിറോസിന്റെ സഹോദരീപുത്രിയാണ് ബസിൽ ആക്രമണം നടത്തിയത്’ എന്നാണ് ഒരു വിഭാഗം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഫിറോസ് പ്രതികരിച്ചത്. വടകരയിലെ കാഫിർ സ്‌ക്രീൻ ഷോട്ടും പേരാമ്പ്രയിലെ ഖൗമും പൊളിഞ്ഞ് പാളീസായിട്ടും സഖാക്കൾക്ക് ഒരു മാറ്റവുമില്ലെന്ന് ഫിറോസ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഏതോ ബസിന്റെ ചില്ല് പൊട്ടിച്ചത് തന്റെ ബന്ധുവാണെന്നാണ് പുതിയ പ്രചാരണമെന്നും, ഇത്രയും വലിയ തോൽവി തെരഞ്ഞെടുപ്പിൽ നേരിട്ടിട്ടും ഇവർ പാഠം പഠിക്കാത്തത് കൊണ്ടാണ് ഇവരെ സഖാക്കൾ എന്ന് വിളിക്കുന്നതെന്നും ഫിറോസ് സമൂഹമാധ്യമങ്ങളിലൂടെ പരിഹസിച്ചു.
മറുഭാഗത്ത്, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫിന്റെ ഭാര്യയാണ് സംഭവത്തിലുൾപ്പെട്ട യുവതിയെന്നാണ് മറ്റൊരു വിഭാഗം പ്രചരിപ്പിച്ചത്. ഇതിനെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധവുമായി പ്രസ്താവനയിറക്കി. കോഴിക്കോട് യുവതി കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത സംഭവവുമായി ബന്ധപ്പെട്ട് വി. വസീഫിനും കുടുംബത്തിനും നേരെ കോൺഗ്രസ്-ലീഗ്-ബിജെപി സൈബർ ഹാൻഡിലുകൾ നടത്തുന്ന ഹീനമായ വ്യാജ പ്രചാരണത്തിൽ പ്രതിഷേധിക്കുന്നതായി ഡിവൈഎഫ്‌ഐ വ്യക്തമാക്കി.
സംഭവത്തിലെ വ്യക്തിയുമായി വസീഫിനോ കുടുംബത്തിനോ യാതൊരു ബന്ധവുമില്ലെന്ന വാസ്തവം അറിഞ്ഞു കൊണ്ടാണ് ‘കോലീബി സഖ്യം’ ഈ നുണ ഏറ്റുപിടിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. തെരഞ്ഞെടുപ്പ് കാലത്തെ കോലീബി നുണപ്രചാരണവും ഐക്യവും തെരഞ്ഞെടുപ്പിന് ശേഷവും തുടരുന്നു എന്നതിന്റെ തെളിവാണിത്. രാഷ്ട്രീയപ്രവർത്തകരുടെ കുടുംബത്തെയടക്കം എല്ലാ അതിരുകളും വിട്ട് ആക്രമിക്കുന്ന ഉത്തരേന്ത്യൻ ബിജെപി മാതൃകയാണ് കോൺഗ്രസും ലീഗും ഇപ്പോൾ കേരളത്തിൽ പയറ്റുന്നത്. തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഉന്മാദത്തിൽ സ്ത്രീകളെ പോലും സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന പ്രവർത്തകരെ നിലയ്ക്ക് നിർത്താൻ കോലീബി നേതൃത്വം തയ്യാറാകണമെന്നും, അല്ലാത്തപക്ഷം ശക്തമായ പ്രതിരോധം ഉണ്ടാകുമെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.






