ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വ്യോമപാതകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്ത്യൻ വിമാന സർവീസുകളെ ബാധിക്കുന്നു. ഇതിന്റെ ഭാഗമായി ലണ്ടനിൽ നിന്ന് മുംബൈയിലേക്കും ദില്ലിയിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുമുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വന്നു. ഇതോടെ മുന്നൂറോളം യാത്രക്കാർ ദുരിതത്തിലായി.
ഞായറാഴ്ച ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട 6E002 ഇൻഡിഗോ വിമാനമാണ് എറിത്രിയൻ വ്യോമപാതയിൽ പ്രവേശിക്കാൻ അനുമതി ലഭിക്കാതിരുന്നതിനാൽ ഈജിപ്തിലെ കെയ്‌റോയിലേക്ക് തിരിച്ചുവിട്ടത്. എട്ട് മണിക്കൂറിലധികം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടിവന്ന യാത്രക്കാർക്ക് പിന്നീട് ഹോട്ടൽ താമസവും വിസയും എയർലൈൻ അധികൃതർ ഒരുക്കി. വിമാനം ചൊവ്വാഴ്ച യാത്ര പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, ദില്ലിയിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട 6E033 വിമാനവും എറിത്രിയൻ അതിർത്തിക്ക് സമീപം എത്തിയപ്പോൾ പെട്ടെന്നുണ്ടായ വ്യോമപാത നിയന്ത്രണങ്ങളെ തുടർന്ന് തിരിച്ചുവിളിച്ച് ദില്ലിയിൽ ഇറക്കുകയായിരുന്നു. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനമെടുത്തതെന്ന് ഇൻഡിഗോ വക്താവ് അറിയിച്ചു.
മിഡിൽ ഈസ്റ്റിലെ സംഘർഷത്തെ തുടർന്ന് യൂറോപ്പിലേക്കുള്ള വിമാനങ്ങൾ ഇപ്പോൾ ആഫ്രിക്കൻ വൻകരയ്ക്ക് മുകളിലൂടെ ചുറ്റി പോകുന്ന രീതിയിലാണ് സർവീസ് നടത്തുന്നത്. ഇതുമൂലം യാത്രാസമയം 10 മണിക്കൂറിലധികം വർധിച്ചിരിക്കുകയാണ്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും മുകളിലൂടെ പോകുന്ന വ്യോമപാതകൾ ഉപയോഗിക്കാൻ കഴിയാത്തത് ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള നൂറിലധികം വിമാനങ്ങൾ ഇതിനകം റദ്ദാക്കിയിട്ടുണ്ട്.






