പശ്ചിമേഷ്യയിലെ യുദ്ധം ഒടുവില്‍ നമ്മുടെ അടുക്കളകളേയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ അയല്‍ രാജ്യങ്ങളായ പാകിസ്ഥാനിലും ബംഗ്ലാദേശിലുമൊക്കെ പെട്രോളിനും ഗ്യാസിനുമെല്ലാം റേഷനിങ് സമ്പ്രദായം നടപ്പിലാക്കി, പെട്രോള്‍ വില കുത്തനെ കൂട്ടി എന്നെല്ലാം വാര്‍ത്തകള്‍ കണ്ടപ്പോഴും നമ്മളെ ബാധിക്കുമോ എന്ന് ചിന്തിച്ചവരാണോ? എങ്കില്‍ ശരിയാണ്, നമ്മളേയും ബാധിച്ചു തുടങ്ങി. അയല്‍ക്കാരോളം ഗുരുതരമായ പ്രതിസന്ധിയിലേക്ക് ഇന്ത്യ വീഴില്ലെങ്കിലും ഇപ്പോഴേ ജാഗ്രത ആവശ്യമാണ്. എല്‍പിജി ക്ഷാമം അതിരൂക്ഷമായതോടെ രാജ്യത്ത് മിക്കയിടത്തും റസ്റ്ററന്റുകള്‍ പൂട്ടിത്തുടങ്ങി. കേരളത്തിലും എല്‍പിജി വിതരണം സ്തംഭിച്ചെന്ന് ഹോട്ടലുടമകള്‍ പരാതി പറഞ്ഞു തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ഹോട്ടലുകള്‍ക്കുള്ള ഗ്യാസ് സിലിണ്ടര്‍ വിതരണം ഭാഗികമായി മാത്രമായിരുന്നു നിയന്ത്രിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പൂര്‍ണമായും നിലച്ച മട്ടാണ്. പ്രതിദിനം ശരാശരി 2 മുതല്‍ 25 സിലിണ്ടര്‍ വരെ ഉപയോഗിക്കുന്ന ഹോട്ടലുകള്‍ കേരളത്തിലുണ്ട്. നമ്മുടെ തൊട്ടടുത്ത തമിഴ്‌നാട്ടില്‍ ഭൂരിഭാഗം ഹോട്ടലുകളും പ്രവര്‍ത്തനം സ്തംഭിച്ച അവസ്ഥയിലാണെന്ന് പറയുമ്പോള്‍ നമ്മുടെ മലയാളിയുടെ അന്നം മുട്ടുന്ന സ്ഥിതി അത്ര വിദൂരമല്ലെന്ന് മനസിലാക്കണം. മൊത്തം 31.3 മില്യന്‍ ടണ്‍ എല്‍പിജിയാണ് ഇന്ത്യ പ്രതിവര്‍ഷം ഉപയോഗിക്കുന്നത്. ഇതില്‍ 87 ശതമാനവും വീടുകളിലാണ്.
എല്‍പിജി സിലിണ്ടര്‍ വിതരണത്തില്‍ എന്തെങ്കിലും തടസ്സം ഉണ്ടായാല്‍ റെസ്റ്റോറന്റുകള്‍ വ്യാപകമായി അടച്ചുപൂട്ടേണ്ടി വരുമെന്ന് നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. വാണിജ്യ എല്‍പിജിയുടെ ക്ഷാമം കാരണം ബുധനാഴ്ച മുതല്‍ നഗരത്തിലെ പല റെസ്റ്റോറന്റുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന് ബംഗളൂരു ഹോട്ടല്‍സ് അസോസിയേഷന്‍ പറയുന്നു. മുംബൈയില്‍ 25% ഹോട്ടലുകളും പൂട്ടി. ചെന്നൈയില്‍ ഏതാണ്ട് പൂര്‍ണമായും സിലിണ്ടര്‍ വിതരണം നിര്‍ത്തിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളും ജോലിക്കാരുമെല്ലാം ഒരുപോലെ വലയും.
തല്‍ക്കാലം നമ്മുടെ വീടുകളിലെ അന്നം മുട്ടില്ലെങ്കിലും ഹോട്ടല്‍ ശൃംഖല പൂര്‍ണമായും അടഞ്ഞു കിടന്നാല്‍ അത് വലിയ ദുരിതത്തിലേക്കാവും കൊണ്ടുചെന്നെത്തിക്കുക. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, അതിഥി തൊഴിലാളികളുടെ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ഭക്ഷണം കിട്ടാതെയാകും.
രാജ്യത്ത് എല്‍പിജിയുടെ വില കൂട്ടിയിട്ട് ദിവസങ്ങള്‍ പോലുമായിട്ടില്ല, അതിന് മുകളിലേക്കാണ് ക്ഷാമവും കൂടി വരുന്നത്. ഇതോടെ പ്രവര്‍ത്തന ചെലവ് കൂടും. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ പരിമിതികളുമുണ്ട്. എന്നാല്‍ പെട്രോള്‍ പമ്പുകളും ഗ്യാസ് സ്റ്റേഷനുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതായും രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്നാണ് കേന്ദ്രം പറയുന്നത്.
ഇന്ത്യയുടെ എല്‍പിജി ആവശ്യകതയുടെ 50 ശതമാനത്തിലധികവും നമ്മള്‍ ഇറക്കുമതി ചെയ്യുകയാണ്. അതില്‍ 80 ശതമാനം സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്നാണ്. കഴിഞ്ഞയാഴ്ച, എല്‍പിജി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒഎംസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇനി ഓസ്‌ട്രേലിയ, നോര്‍വേ പോലുള്ള രാജ്യങ്ങളെ ആശ്രയിക്കണം. യുഎസില്‍ നിന്ന് എല്‍പിജി ഇറക്കുമതി ഇന്ത്യ നേരത്തേ ആരംഭിച്ചിരുന്നു. ഇത് വെറും 10% ആണ്.
രാജ്യത്ത് എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കിയിട്ടുണ്ട്. അവശ്യമേഖലയ്ക്ക് മാത്രം എല്‍പിജി വിതരണം ചെയ്താല്‍ മതിയെന്നാണ് എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രം നല്‍കിയിരിക്കുന്ന നിര്‍ദേശം. വീടുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയാണ് അവശ്യ മേഖല. ഇതില്‍ ഹോട്ടലുകള്‍ ഇല്ല. ഇന്ത്യയില്‍ ഏകദേശം 90 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയിലൊന്നാണ് ഹോട്ടല്‍ മേഖല. എല്‍പിജി ബുക്കിങ് സമയപരിധി 21ല്‍ നിന്ന് 25 ദിവസത്തിലേക്ക് ഉയര്‍ത്തിയ കേന്ദ്രം, എണ്ണക്കമ്പനികളോട് പെട്രോ കെമിക്കല്‍ പോലുള്ളവയുടെ ഉല്‍പാദനം നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുദ്ധസാഹചര്യം നീണ്ടുപോവുകയും ക്ഷാമത്തിന് കൃത്യമായ പരിഹാരം കണ്ടെത്താന്‍ കഴിയാതെ വരുകയും ചെയ്താല്‍ അധികം താമസിയാതെ നമ്മുടെയെല്ലാം വീടുകളിലെ സ്റ്റൗവും കത്താതെയാകും.




