ചെന്നൈ: സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന പുതിയ ക്ഷേമപദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. ഭരണകക്ഷിയായ ടിവികെയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്ന ‘തായ് മാമൻ തങ്ക മോതിരം’ എന്ന പേരിലുള്ള പദ്ധതിയാണ് മുഖ്യമന്ത്രി സി ജോസഫ് വിജയ് പ്രഖ്യാപിച്ചത്. പദ്ധതിക്കായി പ്രതിവർഷം 755.83 കോടി രൂപ വകയിരുത്തുമെന്നും സർക്കാർ അറിയിച്ചു.
മുൻ മുഖ്യമന്ത്രി സിഎൻ അണ്ണാദുരൈയുടെ ജന്മവാർഷിക ദിനമായ സെപ്റ്റംബർ 15ന് പദ്ധതി ഔദ്യോഗികമായി ആരംഭിക്കും. എന്നാൽ 2026 ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിച്ച എല്ലാ കുഞ്ഞുങ്ങൾക്കും പദ്ധതി മുൻകാല പ്രാബല്യത്തോടെ ലഭ്യമാകും. അന്ന് മുഖ്യമന്ത്രി വിജയ്‌യുടെ ജന്മദിനം കൂടിയാണ്. ഒരോവർഷവും ഏകദേശം നാല് ലക്ഷം കുഞ്ഞുങ്ങൾ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്നതായാണ് കണക്കുകൾ.
പുതുതായി ജനിക്കുന്ന കുഞ്ഞിന് മാതൃസഹോദരൻ സമ്മാനവും അനുഗ്രഹവും നൽകുന്ന പാരമ്പര്യത്തിന്റെ പ്രതീകാത്മക രൂപമായാണ് സർക്കാർ ഈ പദ്ധതിയെ അവതരിപ്പിക്കുന്നത്. കുഞ്ഞുങ്ങളോടും കുടുംബങ്ങളോടുമുള്ള കരുതലിന്റെം അടയാളമായാണ് സർക്കാർ സ്വർണ മോതിരം നൽകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.





