ആലപ്പുഴ: ചായക്കടയ്ക്ക് മുന്നിൽ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികളെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ ആദിൽ അഫ്സർ (20), മൂന്നാം പ്രതിയായ സക്കീർ എന്നറിയപ്പെടുന്ന മുഹമ്മദ് സഹീർ (21), അഞ്ചാം പ്രതിയായ അജ്മൽ (20) എന്നിവരാണ് പിടിയിലായത്. കൃത്യത്തിന് ശേഷം ഒളിവിൽ പോയിരുന്ന ഇവരെ കോതമംഗലത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
മാർച്ച് ആറിന് പുലർച്ചെ കായംകുളം ഒ.എൻ.കെ ജംഗ്ഷന് തെക്കുവശത്തെ ചായക്കടയ്ക്ക് മുന്നിലാണ് തർക്കം ഉണ്ടായത്. ഇതിന് പിന്നാലെ പ്രതികൾ കൂട്ടമായി യുവാക്കൾ താമസിച്ചിരുന്ന ലോഡ്ജിലെത്തി അവരെ വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു.
കല്ലേലിഭാഗം സ്വദേശിയായ യുവാവിനെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയുമാണ് ഇരുമ്പുവടി, കത്തി, ഇടിക്കട്ട, ഇടിവള, ഹെൽമെറ്റ് തുടങ്ങിയവ ഉപയോഗിച്ച് മർദിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേൽപ്പിച്ചത്.
പിടിയിലായ ആദിൽ അഫ്സറിന് വള്ളികുന്നം, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനുകളിൽ മറ്റ് അടിപിടി കേസുകളും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ മേൽനോട്ടത്തിൽ സി.ഐ അരുൺ ഷാ, എസ്.ഐ രതീഷ് ബാബു, എ.എസ്ഐ ഹരി, സിപിഒമാരായ അഖിൽ മുരളി, സബീഷ്, സോനു ജിത്ത്, അനു, അനന്തകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.






