കോഴിക്കോട്: ഉള്ളിയേരിയില്‍ ലാബ് ജീവനക്കാരിക്ക് നേരെ ബലാത്സംഗ ശ്രമം. സംഭവത്തില്‍ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിന് പിടിയിലായി. ഇയാള്‍ ഒരു ഹോട്ടലില്‍ ജീവനക്കാരനാണ്. ലാബ് തുറക്കാന്‍ എത്തിയ ജീവനക്കാരിയെ ഇയാള്‍ കടന്ന് പിടിച്ച് ആക്രമിക്കുകയായിരുന്നു. ബലാത്സംഗ ശ്രമത്തിനുശേഷം ഓടി രക്ഷപ്പെട്ട ഇയാളെ കുന്ദമംഗലത്ത് വച്ചാണ് പിടികൂടിയത്.
ഇന്നലെ പുലര്‍ച്ചയാണ് സംഭവം ഉണ്ടായത്. പുലര്‍ച്ചെ ലാബിലെത്തി സ്ഥാപനം തുറക്കാന്‍ ശ്രമിക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് ഇയാള്‍ എത്തുകയായിരുന്നു. സ്ത്രീയോട് ആദ്യം സംസാരിച്ച ശേഷം പിന്നീട് ഫോണില്‍ സംസാരിക്കുന്നതായി ഭാവിച്ച് സ്ഥാപനത്തിന് പുറത്തേക്ക് എത്തുകയും സമീപത്ത് ആരുമില്ലെന്ന് ഉറപ്പ് വരുത്തുകയുമായിരുന്നു. ശേഷം, ലാബില്‍ കയറി സ്ത്രീയെ കടന്നുപിടിക്കുകയായിരുന്നു. സ്ത്രീയുടെ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് ഇയാള്‍ പിന്‍വാങ്ങുകയും ലാബില്‍ നിന്നും ഇറങ്ങി ഓടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. യുവതി പിറകേ ചെന്ന് നോക്കിയെങ്കിലും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. അതിക്രമത്തെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ നിന്നും ചികിത്സ നേടി. സിസിടിവി ദൃശ്യങ്ങള്‍ ആസ്പദമാക്കി നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇന്ന് പ്രതി പൊലീസ് പിടിയിലായത്.






