കോഴിക്കോട്: താമരശ്ശേരി പഞ്ചായത്ത് ഓഫീസിന്റെ ഗോവണിപ്പടിയിൽ ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി സ്വദേശിയായ മുരളീധരൻ (56) ആണ് മരിച്ചത്. ഇയാളുടെ ഓട്ടോ സമീപത്ത് നിർത്തിയിട്ട നിലയിലായിരുന്നു.
മുരളീധരന്റെ ഓട്ടോയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയിരുന്നുവെന്നാണ് വിവരം. ഇന്നലെ ബജാജ് ഫൈനാൻസിലെ ജീവനക്കാർ ഓട്ടോ സ്റ്റാൻഡിൽ എത്തിയിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പണം ഉടൻ അടയ്ക്കാമെന്ന് അറിയിച്ചെങ്കിലും ജീവനക്കാർ ഭീഷണിപ്പെടുത്തിയാണ് മടങ്ങിയതെന്നാണ് ആരോപണം.
പഞ്ചായത്ത് ഓഫീസിന് മുന്നിലുള്ള ഓട്ടോ സ്റ്റാൻഡിലാണ് സംഭവം. ഭീഷണിയിൽ മനംനൊന്താണ് മുരളീധരൻ ആത്മഹത്യ ചെയ്തതെന്നാണ് സുഹൃത്തുക്കളുടെ ആരോപണം. സംഭവത്തിൽ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.






