വയനാട്: മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ ഫെയ്സ് ഒന്നിൽ ഗുണഭോക്താക്കൾക്കായി തയ്യാറാക്കിയ 40 വീടുകൾ കൂടി തിങ്കളാഴ്ച കൈമാറി. ഇതോടെ ഇതുവരെ കൈമാറിയ വീടുകളുടെ എണ്ണം 123 ആയി.
സോൺ ഒന്നിലെ ജി ക്ലസ്റ്ററിലെ 14 വീടുകളും, എച്ച് ക്ലസ്റ്ററിലെ 10 വീടുകളും, ബി ക്ലസ്റ്ററിലെ 10 വീടുകളും, സോൺ മൂന്നിലെ ജി ക്ലസ്റ്ററിലെ അഞ്ചു വീടുകളും ആണ് കൈമാറിയത്. രാവിലെയും ഉച്ചയ്ക്കുമായി ക്ലസ്റ്റർ അടിസ്ഥാനത്തിൽ വീടുകൾ വിതരണം ചെയ്തു.
ആദ്യഘട്ടത്തിൽ ഫെയ്സ് ഒന്നിലെ ഗുണഭോക്താക്കൾക്ക് ആകെ 178 വീടുകളാണ് നൽകുന്നത്. ബാക്കിയുള്ള വീടുകളുടെ കൈമാറ്റം അടുത്ത ദിവസങ്ങളിൽ നടക്കും. കിഫ്കോൺ-ഊരാളുങ്കൽ കോ-ഓപ്പറേറ്റീവ് കോൺട്രാക്ട് സൊസൈറ്റി (യു.എൽ.സി.സി.എസ്.)യുടെ നേതൃത്വത്തിൽ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി സംയുക്ത പരിശോധന പൂർത്തിയാക്കിയ ശേഷമാണ് വീടുകൾ കൈമാറുന്നത്.
പരിശോധന കഴിഞ്ഞാൽ വീടുകളുടെ പൂർണ ഉടമസ്ഥാവകാശം ഗുണഭോക്താക്കൾക്ക് ലഭിക്കും. താമസം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കി താക്കോൽ കൈമാറും. എന്നാൽ എല്ലാ 178 കുടുംബങ്ങളും ഒരുമിച്ച് ഗൃഹപ്രവേശം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനാൽ ഇപ്പോൾ ആരും വീടുകളിൽ താമസം തുടങ്ങിയിട്ടില്ല. മഴയ്ക്ക് മുൻപ് എല്ലാ വീടുകളും കൈമാറി ഗൃഹപ്രവേശം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് അതിജീവിതർ. വീടുകളുടെ നിർമാണവും ഗുണമേന്മയും സംബന്ധിച്ച് അധികൃതർ ഗുണഭോക്താക്കൾക്ക് വിശദീകരണം നൽകി. ഗുണഭോക്താക്കളുടെ നിർദേശങ്ങളും യോഗത്തിൽ രേഖപ്പെടുത്തി.






