സുൽത്താൻ ബത്തേരി: നഗരസഭയിലെ തേലമ്പറ്റ ഡിവിഷനിലെ മുൻ കൗൺസിലറായ ജയപ്രകാശിനെ പാതയോരത്ത് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാത്രി ഒൻപതരയോടെ തൊടുവട്ടി തപോവനം-തേലമ്പറ്റ റോഡരികിലാണ് സംഭവം.
തലയ്ക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരിക്കുകളോടെ കിടന്ന ജയപ്രകാശിനെ ഇതുവഴി പോയ ആളുകളാണ് കണ്ടത്. തുടർന്ന് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ അവിടെ ചികിത്സയിലാണ്. സ്കൂട്ടറിൽ പോകുന്നതിനിടെ രണ്ടുപേർ വാഹനം ഇടിച്ചിട്ട ശേഷം ആക്രമിച്ചതായി ജയപ്രകാശ് പോലീസിനോട് പറഞ്ഞതായാണ് വിവരം. സംഭവ സ്ഥലത്തിന് സമീപത്ത് നിന്ന് ഒരു ഇരുമ്പ് പൈപ്പും പോലീസ് കണ്ടെത്തിയതായി സൂചനയുണ്ട്.
എന്നാൽ സംഭവത്തിൽ പരാതിയില്ലെന്ന് ജയപ്രകാശ് അറിയിച്ചതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ബത്തേരി പോലീസ് ഇൻസ്പെക്ടർ ശ്രീകാന്ത് എസ്. നായർ അറിയിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റും തേലമ്പറ്റ ഡിവിഷൻ കൗൺസിലറുമായ വി.എം. യൂനുസ് അലി ആവശ്യപ്പെട്ടു.
മുൻ നഗരസഭാംഗവും മുൻ സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ജയപ്രകാശിനെ മർദനമേറ്റ നിലയിൽ കണ്ടെത്തിയത് ദുരൂഹമാണെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമോ മയക്കുമരുന്ന് സംഘങ്ങളുടെ പങ്കോ ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കണമെന്നും യൂനുസ് അലി ആവശ്യപ്പെട്ടു.






