തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ നിലപാട് വ്യക്തമാക്കി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ആഗോള അയ്യപ്പ സംഗമത്തിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കില്ലെന്നാണ് എന്‍എസ്എസിന്റെ വിശദീകരണം. ആചാരത്തിന് കോട്ടം ഇല്ലെങ്കില്‍ നല്ലത്. സമിതി നേതൃത്വ രാഷ്ട്രീയ മുക്തമാകണമെന്ന നിര്‍ദേശവും എന്‍എസ്എസ് മുന്നോട്ട് വെച്ചു. ഉപാധികളോടെയാണ് പിന്തുണ എന്ന് അറിയിച്ച ജി സുകുമാരന്‍ നായര്‍ സമിതിയില്‍ അയ്യപ്പ ഭക്തര്‍ വേണമെന്നും നിര്‍ദ്ദേശിച്ചു. നിലവില്‍ മുഖ്യമന്ത്രിയാണ് മുഖ്യ രക്ഷാധികാരി. സമിതിയില്‍ മന്ത്രിമാരുമാണ് അംഗങ്ങള്‍.
അതേസമയം, ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ചതില്‍ എന്‍എസ്എസിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. ശബരിമല പ്രക്ഷോഭ കേസുകളുടെ പേരില്‍ കരയോഗാംഗങ്ങള്‍ക്കും മക്കള്‍ക്കും പാസ്‌പോര്‍ട്ട് പോലും എടുക്കാനായില്ലെന്ന് എന്‍എസ്എസ് ഓര്‍ക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. എന്‍എസ്എസ് പിന്തുണയ്ക്കുമ്പോള്‍ സംഗമം ഇലക്ഷന്‍ സ്റ്റണ്ടെന്ന് സംശയിക്കുയാണെന്നാണ് യോഗക്ഷേമ സഭ പ്രതികരിച്ചത്. അതേസമയം, എന്‍എസ്എസ് പിന്തുണ ഊര്‍ജ്ജവും പ്രോത്സാഹനവുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രതികരിച്ചു.






