കൊച്ചി: തെലുങ്ക് സിനിമയിലെ മാസ് നായകന്‍ നന്ദമുരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രം ‘അഖണ്ഡ 2’ന്റെ ടീസർ ജൂൺ 9നാണ് പുറത്തിറങ്ങിയത്. അദ്ദേഹത്തിന്റെ 65-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടത്. ബോയപട്ടി ശ്രീനുവിന്‍റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ടീസര്‍ വന്നതിന് പിന്നാലെ വലിയ ചർച്ചകൾക്കാണ് ഇത് വഴി വച്ചിരിക്കുന്നത്. ടീസറിലെ പലരംഗങ്ങളും ഇതിനകം തന്നെ പതിവ് പോലെ ട്രോളാകുന്നുണ്ട്.
2021-ൽ പുറത്തിറങ്ങിയ ‘അഖണ്ഡ’യുടെ വൻ വിജയത്തിന് പിന്നാലെയാണ് ‘അഖണ്ഡ 2’ പ്രഖ്യാപിച്ചത്. ടീസറിൽ ബാലകൃഷ്ണയുടെ മാസ് കാഴ്ച തന്നെയാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. വന്‍ ആക്ഷൻ രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് ടീസറില്‍.
എന്നാൽ, ചില രംഗങ്ങൾ അമിതമായ ‘ക്രിഞ്ച്’ ആണെന്നും വിഎഫ്എക്സിന്റെ ഗുണനിലവാരം നിരാശപ്പെടുത്തുന്നതാണെന്നും വിമർശിക്കുന്നവരും സോഷ്യൽ മീഡിയയിൽ ഉണ്ട്. ഒപ്പം ട്രോളുകളും നിറയുന്നുണ്ട്.“ഇതിനേക്കാൾ ഭേദമാണ് ഭോജ്പുരി സിനിമകൾ പോലും” എന്നാണ് ഒരു എക്സ് ഉപയോക്താവിന്റെ കമന്റ്.






