ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ ‘സാൻഡ്പേപ്പർ ഗേറ്റ്’ വിവാദത്തിന് പിന്നാലെ ഓസ്ട്രേലിയൻ ടീമിനെ വീണ്ടും പ്രതിരോധത്തിലാക്കി പുതിയ വെളിപ്പെടുത്തൽ. 2018-ൽ യുഎഇയിൽ നടന്ന പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പന്തിൽ കൃത്രിമം കാണിക്കാൻ മിന്റ്സ് ഉപയോഗിക്കാൻ നിർദേശിച്ചത് ഓസ്ട്രേലിയൻ സ്പിന്നർ നേഥൻ ലിയോണാണെന്നാണ് പുതിയ റിപ്പോർട്ട്. ന്യൂസ് കോർപ്പിന്റെ റിപ്പോർട്ട് ഉദ്ധരിച്ച് ‘ദ വെസ്റ്റ് ഓസ്ട്രേലിയൻ’ ആണ് ഇക്കാര്യം പുറത്തുവിട്ടത്.
പ്രശസ്ത ബ്രോഡ്കാസ്റ്റർ ജെറാർഡ് വാറ്റ്ലിയുടെ അന്വേഷണത്തിലും സെൻ ക്രിക്കറ്റിന്റെ റിപ്പോർട്ടിലുമാണ് 2018-ലെ ബോൾ ടാംപറിംഗ് വിവാദവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ദക്ഷിണാഫ്രിക്കയിലെ സാൻഡ്പേപ്പർ വിവാദത്തിന് ആറുമാസത്തിന് ശേഷം, 2018 ഒക്ടോബറിൽ നടന്ന പാകിസ്താനെതിരായ ആദ്യ ടെസ്റ്റിനിടെയാണ് പന്തിന്റെ തിളക്കം മാറ്റാൻ ഒരു താരം മിന്റ്സ് ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്.
മുൻ ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജ ‘ദി ഗ്രേഡ് ക്രിക്കറ്റർ’ പോഡ്കാസ്റ്റിൽ യുഎഇ പര്യടനത്തിനിടെ പന്തിൽ കൃത്രിമം കാണിക്കാനുള്ള ശ്രമം നടന്നതായി സ്ഥിരീകരിച്ചിരുന്നു. താരത്തിന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും ടീമിലുണ്ടായിരുന്ന ഒരാളാണ് ഇതിന് പിന്നിലെന്നാണ് ഖവാജ സൂചിപ്പിച്ചത്.
മിന്റ്സ് മൈതാനത്തേക്ക് കൊണ്ടുവരാൻ ലിയോൺ നിർദേശിച്ചെന്നും ഇതിന് അന്നത്തെ ക്യാപ്റ്റൻ ടിം പെയ്‌നിന്റെയും പരിശീലകൻ ജസ്റ്റിൻ ലാംഗറിന്റെയും ശകാരം കേൾക്കേണ്ടിവന്നെന്നുമാണ് പുതിയ റിപ്പോർട്ടിലെ ആരോപണം. എന്നാൽ ട്രാവിസ് ഹെഡ് ഈ നിർദേശം ഉടൻ എതിർത്തതായും റിപ്പോർട്ടിൽ പറയുന്നു.
2018 മാർച്ചിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ് ടൗൺ ടെസ്റ്റിലാണ് സാൻഡ്പേപ്പർ ഉപയോഗിച്ച് പന്തിൽ കൃത്രിമം കാണിച്ച സംഭവം പുറത്തുവന്നത്. കാമറൂൺ ബാൻക്രോഫ്റ്റ് സാൻഡ്പേപ്പർ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ക്രിക്കറ്റ് ലോകത്ത് വലിയ വിവാദമുണ്ടായി. സംഭവത്തിൽ ബാൻക്രോഫ്റ്റിന് ഒമ്പത് മാസത്തെ വിലക്കും അന്നത്തെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർക്കും ഒരു വർഷത്തെ വിലക്കും ലഭിച്ചു. പിന്നാലെ പരിശീലകൻ ഡാരൻ ലേമാനും സ്ഥാനമൊഴിഞ്ഞു.
വിവാദത്തിൽ ടീമിലെ കൂടുതൽ പേർക്ക് പങ്കുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. ഉസ്മാൻ ഖവാജയുടെ ആത്മകഥയായ ‘സബ്ര്’ പുറത്തുവന്നതോടെയാണ് 2018-ലെ സംഭവങ്ങളെക്കുറിച്ചുള്ള പുതിയ വിവാദങ്ങൾക്ക് തുടക്കമായത്. സാൻഡ്പേപ്പർ ഉപയോഗിച്ച സംഭവത്തിൽ ശിക്ഷിക്കപ്പെട്ട മൂന്ന് താരങ്ങൾ മാത്രമല്ല, ടീമിലെ മറ്റ് അംഗങ്ങൾക്കും പദ്ധതിയെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ് ഖവാജയുടെ പുസ്തകത്തിലെ പരാമർശം.
ദക്ഷിണാഫ്രിക്കയിലെ ഗെബെർഹയിൽ നടന്ന ടെസ്റ്റിലും സാൻഡ്പേപ്പർ ഉപയോഗിച്ചിരുന്നുവെന്നും 2017-18ലെ ആഷസ് പരമ്പരയ്ക്കിടെ റിവേഴ്സ് സ്വിംഗ് ലഭിക്കാൻ പന്തിന്റെ സീമിൽ കൃത്രിമം കാണിച്ചിരുന്നുവെന്നും ഖവാജ വെളിപ്പെടുത്തിയിരുന്നു.
ഖവാജയുടെ ആരോപണങ്ങളെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് തള്ളിയിരുന്നു. ബൗളിംഗ് സംഘത്തിനും നിയമവിരുദ്ധമായ തന്ത്രത്തിൽ പങ്കുണ്ടായിരുന്നുവെന്ന വാദം ‘തികഞ്ഞ വിഡ്ഢിത്തം’ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇതിന് പിന്നാലെ ‘ദ വെസ്റ്റ് ഓസ്ട്രേലിയൻ’ പത്രത്തിൽ 4,497 വാക്കുകളുള്ള ലേഖനവുമായി കാമറൂൺ ബാൻക്രോഫ്റ്റും രംഗത്തെത്തി. പന്തിൽ കൃത്രിമം കാണിക്കാനുള്ള പദ്ധതിയെക്കുറിച്ച് ടീമിലെ ഭൂരിഭാഗം പേർക്കും അറിവുണ്ടായിരുന്നുവെന്ന ഖവാജയുടെ വാദത്തെ ബാൻക്രോഫ്റ്റും പിന്തുണച്ചു. സാൻഡ്പേപ്പർ ഉപയോഗിക്കാൻ സഹതാരങ്ങളും പരിശീലകസംഘവും പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും അദ്ദേഹം ലേഖനത്തിൽ ആരോപിച്ചു.
പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ 2018-ലെ ബോൾ ടാംപറിംഗ് വിവാദം ഓസ്ട്രേലിയൻ ക്രിക്കറ്റിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. അതേസമയം, നേഥൻ ലിയോണിനെതിരായ പുതിയ ആരോപണങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.


