തിരുവനന്തപുരം: വെമ്പായം കന്യാകുളങ്ങരയിൽ പൊലീസുകാരന്റെ വീട്ടിൽ പട്ടാപ്പകൽ നടന്ന മോഷണക്കേസിൽ മൂന്നുപേർ പിടിയിൽ. മോഷണം നടത്തിയ രണ്ടുപേരെയും മോഷ്ടിച്ച സ്വർണം വിൽക്കാൻ സഹായിച്ച ഒരാളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കോവളത്തെ ഒരു ലോഡ്ജിൽനിന്നാണ് പ്രതികളെ പിടികൂടിയത്. രാജാജി നഗർ സ്വദേശി ‘കള്ളൻ കുമാർ’ എന്നറിയപ്പെടുന്ന കുമാർ, ചെങ്കോട്ടുകോണം സ്വദേശി ‘ബ്രൂസ്ലി ബിജു’ എന്നറിയപ്പെടുന്ന ബിജു, സ്വർണം വിൽക്കാൻ സഹായിച്ച നേമം സ്വദേശി ‘ബാറ്ററി നവാസ്’ എന്നറിയപ്പെടുന്ന നവാസ് എന്നിവരാണ് പിടിയിലായത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജസ്നാദിന്റെ വീട്ടിൽനിന്ന് 12 പവൻ സ്വർണാഭരണങ്ങളും 2,500 രൂപയും മോഷണം പോയത്. രാവിലെ 8.30നും വൈകുന്നേരം 3.30നും ഇടയിലായിരുന്നു കവർച്ച. പതിവുപോലെ വീട് പൂട്ടി ജസ്നാദും അധ്യാപികയായ ഭാര്യയും ജോലിക്കും മൂന്ന് മക്കൾ സ്കൂളിലേക്കും പോയ സമയത്താണ് മോഷണം നടന്നത്.
വൈകുന്നേരം 3.30ഓടെ ഭാര്യയും കുട്ടികളും വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുൻവാതിലിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. തുടർന്ന് ജസ്നാദിനെയും നാട്ടുകാരെയും വെഞ്ഞാറമൂട് പൊലീസിനെയും വിവരമറിയിച്ചു.
പൊലീസ് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. വീടിനുള്ളിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് പ്രതികളെ കോവളത്തുനിന്ന് പിടികൂടുകയായിരുന്നു.


